കോഴിക്കോട് - കേരളത്തിന് കേന്ദ്രം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ദ്ദിഷ്ട എയിംസ് പദ്ധതി കാസര്‍കോടിന് കൈമാറാന്‍ ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി തോമസ് നടത്തിയ നീക്കത്തിന് തിരിച്ചടി.
എയിംസ് കോഴിക്കോടിന് പകരം കാസര്‍കോട്് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി തോമസ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യക്ക് നിവേദനം നല്‍കിയതുമായി ബന്ധപ്പെട്ട വാര്‍ത്തകളെ തുടര്‍ന്ന് എം.കെ രാഘവന്‍ എംപി നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. മുഖ്യമന്ത്രിയുമായി എംപി നടത്തിയ ചര്‍ച്ചയില്‍ എയിംസ് കോഴിക്കോട് തന്നെ സ്ഥാപിക്കുമെന്ന ഉറപ്പ് വാങ്ങി.
കാസര്‍കോഡ് ജില്ലയില്‍ മംഗളൂരുവില്‍ നിന്ന് 25 കിലോ മീറ്റര്‍ മാത്രം അകലെ എയിംസിന് പറ്റിയ സ്ഥലം കണ്ടെത്തിയെന്നായിരുന്നു കെ.വി തോമസ് കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത്തരം സാങ്കേതിക വിഷയങ്ങളെ ചര്‍ച്ചയില്‍ എം.പി ഖണ്ഡിച്ചു. കോഴിക്കോട് കിനാലൂരില്‍ സാമൂഹ്യ ആഘാത പഠനം നടത്തി സ്ഥലം കൈമാറ്റ നടപടികളിലേക്ക് സര്‍ക്കാര്‍ കടന്ന കാര്യം എം.പി ചൂണ്ടിക്കാട്ടി. എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശത്തില്‍ സര്‍ക്കാറിന് മനംമാറ്റമില്ലെന്ന് മുഖ്യമന്ത്രി എം.പിയെ അറിയിച്ചു.
ഇതു സംബന്ധിച്ച് കെ.വി തോമസുമായും എം.കെ രാഘവന്‍ ചര്‍ച്ച നടത്തി. മന്‍സൂക് മാണ്ഡവ്യയ്ക്ക് നല്‍കിയ കത്തില്‍ സംഭവിച്ച ആശയക്കുഴപ്പം തിരുത്തുമെന്നും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും പറഞ്ഞ് കെ.വി തോമസ് മലക്കംമറിഞ്ഞു.
കോഴിക്കോടിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് എയിംസ് അനുവദിക്കുക എന്നത്. മലബാറിന്റെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് എയിംസ് വഴിവെക്കും. എയിംസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടികാട്ടി 1956ലെ എയിംസ് ആക്ടില്‍ ഭേദഗതി നിര്‍ദ്ദേശിച്ച് എം.കെ രാഘവന്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. നിരന്തരമായ സമ്മര്‍ദ്ദത്തിന് ഒടുവിലാണ് കേരളത്തില്‍ എയിംസ് അനുവദിക്കുമ്പോള്‍ കിനാലൂര്‍ സ്ഥാപിക്കാമെന്ന ധാരണയുണ്ടായത്. ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം നേരത്തെ തന്നെ മുന്‍പന്തിയിലാണെങ്കിലും പല രോഗങ്ങളും ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്. ഇവ യഥാസമയം കണ്ടെത്തുന്നതിനുള്ള സൗകര്യങ്ങളുടെ ഉള്‍പ്പെടെ അപര്യാപ്തത ദക്ഷിണ കേരളത്തെ അപേക്ഷിച്ച് ഉത്തര കേരളത്തെ സാരമായി അലട്ടുന്നുണ്ട്. എയിംസ് സ്ഥാപിക്കാന്‍ സാധിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് എംപി പങ്കുവെക്കുന്നത്.