ജിദ്ദ - ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഫോറം ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്റെ മെയിന്‍ ആസ്ഥാനം റിയാദിലായിരിക്കും. സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യമുള്ള ഫൗണ്ടേഷന്‍ ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തിക്കുക. അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കാനും, ഇക്കാര്യത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിനും ഈ മേഖലയിലെ സാമ്പത്തിക, സാമൂഹിക വികസനത്തിനും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശ്രമങ്ങളെ സമന്വയിപ്പിക്കാനും പിന്തുണക്കാനും ഫൗണ്ടേഷന്‍ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നു.
സൈബര്‍ സുരക്ഷാ മേഖലയിലെ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനവും അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിലും സംയുക്ത ശ്രമങ്ങളെ ഏകീകരിക്കുന്നതിലും രാജ്യത്തിന്റെ പങ്കും ഫൗണ്ടേഷന്‍ സ്ഥാപനം സ്ഥിരീകരിക്കുന്നു. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട അറിവും പരിചയസമ്പത്തും കൈമാറാനും വിശാലമായ ചക്രവാളങ്ങള്‍ തുറക്കാനും സൈബര്‍ സുരക്ഷാ മേഖലയില്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ കണ്ടെത്താനും ഫൗണ്ടേഷന്‍ സ്ഥാപനത്തിലൂടെ ലക്ഷ്യമിടുന്നു. സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രാദേശിക, ആഗോള തലങ്ങളില്‍ സൗദി അറേബ്യ വലിയ പരിചയസമ്പത്ത് കൈവരിച്ചിട്ടുണ്ട്.
സൈബര്‍ സുരക്ഷയില്‍ സൗദി മോഡല്‍ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട വിജയകരമായ മാതൃകയായി മാറിയിരിക്കുന്നു. ഇത് നിരവധി അന്താരാഷ്ട്ര സൂചകങ്ങളില്‍ രാജ്യത്തെ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചു. യു.എന്‍ ക്ലാസിഫിക്കേഷന്‍ അനുസരിച്ചും 2022 ലെ ആഗോള മത്സരക്ഷമതാ വാര്‍ഷിക റിപ്പോര്‍ട്ടിലും സൈബര്‍ സുരക്ഷാ സൂചികയില്‍ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്. ജനങ്ങളുടെ വളര്‍ച്ചയും സമൃദ്ധിയും പ്രാപ്തമാക്കുന്ന സുരക്ഷിതവും വിശ്വസനീയവുമായ ആഗോള സൈബര്‍ ഇടം സൃഷ്ടിക്കുന്ന കാര്യത്തില്‍ സൈബര്‍ സുരക്ഷയിലെ സൗദി മാതൃക അന്താരാഷ്ട്ര തലത്തില്‍ ഫലപ്രദമായ ചാലകശക്തിയായി മാറുന്നതിനു വേണ്ടിയാണ് ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഫോറം ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്.