കണ്ണൂർ- മഹാരാജാസ് കോളേജിൽ അധ്യാപികയായി സേവനം ചെയ്തുവെന്ന വ്യാജ രേഖയുണ്ടാക്കി ജോലി സമ്പാദിച്ച സംഭവത്തിൽ പ്രതിരോധത്തിലാണ് സി.പി.എം. പാർട്ടി വേദികളിലെ സജീവ സാന്നിധ്യം കൂടിയായ മുൻ എസ്.എഫ്.ഐ നേതാവായ വിദ്യയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി അധ്യാപിക ജോലി തരപ്പെടുത്തിയത്. സി.പി.എമ്മിന്റെ മുൻനിര നേതാക്കളുമായെല്ലാം അടുത്ത ബന്ധമുണ്ട് വിദ്യക്ക്. മുൻ മന്ത്രി കൂടിയായ പി.കെ ശ്രീമതി ടീച്ചറുമായും വിദ്യക്ക് ബന്ധമുണ്ട്. എങ്കിലും എന്റെ വിദ്യേ എന്നാണ് ഇതുമായി ബന്ധപ്പെട്ട് ശ്രീമതി ടീച്ചർ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്.
അതേസമയം, വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലും ക്രമക്കേടാരോപണം. വിദ്യയ്ക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർത്ഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചു. നിയമനത്തിൽ സംവരണ അട്ടിമറി നടന്നതായും സർവകലാശാല എസ്.സി,എസ്.ടി സെൽ കണ്ടെത്തി. കോടതിയെ സമീപിക്കാനായി വിദ്യക്ക് വിവരാവകാശ രേഖ ഉടനെ കിട്ടാൻ വൈസ് ചാൻസലർ ഇടപെട്ടതായും സെൽ കണ്ടെത്തിയിരുന്നു.
യുവ എഴുത്തുകാരി എന്ന നിലയിൽ സാംസ്‌കാരിക രംഗത്ത് പേരെടുത്ത വ്യക്തിയാണ് വിദ്യ. ഇവരുടെ ചെറുകഥകളുടെ സമാഹാരം നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമെ വിദ്യയുടെ കവിതകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാസർക്കോട് തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ പയ്യന്നൂർ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. പിന്നീട് ബിരുദാനന്തര ബിരുദ പഠനത്തിനായാണ് ഇവർ മഹാരാജാസ് കോളേജിൽ എത്തിയത്. കാസർക്കോട് ജില്ലയിലെ കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിൽ അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ചററായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു.
മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിക്കുകയായിരുന്നു.