തിരുവനന്തപുരം - കേരളത്തിലെ സ്‌കൂൾ അധ്യയനം ഏപ്രിലിലേക്ക് നീട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. പതിവുപോലെ മാർച്ചിലെ അവസാന പ്രവൃത്തി ദിനത്തിൽ തന്നെ സ്‌കൂൾ മധ്യവേനലവധിക്കായി അടക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യു.ഐ.പി യോഗത്തിൽ തീരുമാനിച്ചു.
ഇതനുസരിച്ച് 210 അധ്യയന ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ കലണ്ടർ മാറ്റി 205 പ്രവൃത്തി ദിവസങ്ങളാക്കും. അധ്യയന ദിവസങ്ങളുടെ എണ്ണം ഏകപക്ഷീയമായി വർധിപ്പിക്കുകയും ഏപ്രിലിലേക്ക് നീട്ടുകയും ചെയ്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ അടക്കം രംഗത്തുവന്നിരുന്നു. സ്‌കൂളുകൾ മധ്യവേനലവധിക്ക് അടക്കുന്നത് മാർച്ചിലെ അവസാന പ്രവൃത്തിദിനത്തിൽനിന്ന് ഏപ്രിൽ ആറിലേക്ക് മാറ്റാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്.
മുഴുവൻ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാകുമെന്ന പ്രചാരണത്തിലും അധ്യാപക സംഘടനകളുടെ യോഗത്തിൽ മന്ത്രി വ്യക്തത വരുത്തി. അധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളിൽ 13 ശനിയാഴ്ചകൾ മാത്രമാണ് പ്രവൃത്തി ദിനമാവുക. നിലവിലെ നിയമങ്ങളും കോടതി വിധികളുമനുസരിച്ച് ഒരാഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയിൽ അഞ്ചു ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്ചകളിൽ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.
2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിൽ ഉണ്ടായിരുന്നത്. അതോടൊപ്പം നാല് ശനിയാഴ്ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങളാണ് 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേർന്ന് 205 അധ്യയന ദിനങ്ങളാണ് ഉണ്ടാകുക.യെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, വിവിധ അധ്യാപക സംഘടനാ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.