കോഴിക്കോട് - രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വയനാട് ലോകസഭാ മണ്ഡലത്തില്‍ ഉടന്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത. ഇതിനുള്ള മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റില്‍ മോക് പോളിംഗ് തുടങ്ങി. മോക് പോളിംഗില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് മോക് പോളിംഗ് തയ്യാറെടുപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷനെത്തിയത്. ഇലക്ട്രിക് വോട്ടിംഗ് മെഷീനുള്‍പ്പെടെ കാണിച്ചുകൊണ്ടാണ് മോക് പോളിംഗ് നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് മോക് പോളിംഗ്.ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ഗാന്ധി അയോഗ്യനാക്കപ്പെട്ടത് സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ടെന്നും അതിനിടയില്‍ പെട്ടെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദുരൂഹമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.