Sorry, you need to enable JavaScript to visit this website.

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാറിന് നല്‍കുമെന്ന് നിയമസഭാ സമിതി

പത്തനംതിട്ട: പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കുമെന്നും നിയമസഭാ സമിതി ചെയര്‍മാന്‍ എ.സി മൊയ്തീന്‍ എം എല്‍ എ പറഞ്ഞു.പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേരളാ നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരിച്ചുവന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി വായ്പ നല്‍കാത്ത ബാങ്കുകളുടെ സമീപനം സമിതി പരിഗണനയില്‍ എടുത്ത് ചര്‍ച്ച ചെയ്യും. നോര്‍ക്കയ്ക്ക് പുറമെ ജില്ലയിലെ വ്യവസായ വകുപ്പ് മുഖേന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അവസരം പ്രവാസികള്‍ പ്രയോജനപ്പെടുത്തണം. വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെടുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ജില്ലാതലത്തിലുള്ള നോര്‍ക്ക സെല്‍ സംവിധാനം വിപുലമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ യോഗത്തില്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ലീഡ് ബാങ്ക് മാനേജരുമായി ബന്ധപ്പെട്ട് പരിഹാരം കാണാമെന്നും കളക്ടര്‍ പറഞ്ഞു.

പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ള എമിഗ്രേഷന്‍ ഫീസ് ഡിപ്പോസിറ്റ് തുക മടക്കി നല്‍കുകയോ, അല്ലെങ്കില്‍ പ്രവാസി ക്ഷേമത്തിനായി വിനിയോഗിക്കുകയോ ചെയ്യണം. പ്രവാസികള്‍ക്ക് വീടുവച്ചു നല്‍കുന്നതിന് ലൈഫ് പദ്ധതി മാതൃകയില്‍ പദ്ധതി നടപ്പാക്കണം. പ്രവാസി ക്ഷേമത്തിനായി കോര്‍പറേഷന്‍ രൂപീകരിക്കണം. പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം നല്‍കുകയും വായ്പകള്‍ ലഭ്യമാക്കുകയും ചെയ്യണം. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് പരിഗണിക്കണം. പ്രവാസി ക്ഷേമനിധി അംഗം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് ലഭിക്കുന്ന തുക 30,000 എന്നത് ഒരു ലക്ഷമായി വര്‍ധിപ്പിക്കണം. കുടുംബശ്രീ നല്‍കുന്ന വായ്പകളുടെ തിരിച്ചടവ് കാലാവധി വര്‍ധിപ്പിക്കണം. പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സഹായം ലഭ്യമാക്കുന്നതിന് നോര്‍ക്ക സെല്‍ തുടങ്ങണം.

താലൂക്ക് തലത്തില്‍ നോര്‍ക്ക ഓഫീസ് തുടങ്ങണം. പ്രവാസികളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കണം. പ്രവാസികളുടെ വിദേശത്ത് ജനിച്ച കുട്ടികള്‍ക്ക് ബെര്‍ത്ത് രജിസ്‌ട്രേഷന്‍ സംവിധാനം ലഭ്യമാക്കണം. പ്രവാസി ക്ഷേമനിധി അംഗത്വം നല്‍കുന്നതിന് പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ പ്രവാസികള്‍ക്ക് മെഡിക്കല്‍ കെയര്‍ സംവിധാനം ഒരുക്കണം. കുടുംബശ്രീ മാതൃകയില്‍ പ്രവാസികള്‍ക്ക് സംവിധാനം ഒരുക്കണം. പ്രവാസി ക്ഷേമനിധിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണം. നോര്‍ക്ക പ്രവര്‍ത്തനം വിപുലമാക്കണം. പ്രവാസികള്‍ക്കായി ബിസിനസ് മീറ്റ് സംഘടിപ്പിക്കണം.

പ്രവാസി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണം.  60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവാസി ക്ഷേമനിധി അംഗത്വം അനുവദിക്കണം. അംശദായം മുടക്കം വരുത്തുന്ന പ്രവാസികളില്‍ നിന്നും കൂടിയ നിരക്കില്‍ ഈടാക്കുന്ന പിഴപലിശ ഒഴിവാക്കണം. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയം, ഇഎസ്ഐ ആനുകൂല്യം തുടങ്ങി പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും വ്യക്തികളും യോഗത്തില്‍ സമര്‍പ്പിച്ച പരാതികള്‍ സമിതിയുടെ പരിഗണനയിലേക്ക് സ്വീകരിച്ചു.കേരളീയ പ്രവാസികാര്യ വകുപ്പ്, കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് എന്നിവ മുഖേന ജില്ലകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ അവലോകനം ചെയ്തു.

Latest News