- കേരളത്തിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം - അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മദ്ധ്യതെക്കൻ അറബിക്കടലിനും തെക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി രൂപപ്പെട്ട 'ബിപോർജോയ്' ചുഴലിക്കാറ്റ് ഇനിയും ശക്തിയാർജിക്കാൻ സാധ്യതയുണ്ട്.
കേരളത്തിലടക്കം കനത്ത മഴയ്ക്കും കടലാക്രമണത്തിനും കാരണമായേക്കാവുന്ന ബിപോർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് മൂലം കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഇടിമിന്നൽ, കാറ്റോട് കൂടിയ മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. ജൂൺ ആറ് മുതൽ പത്ത് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയുണ്ടായേക്കാം. ചുഴലിക്കാറ്റ് മൂലം ഇന്നും നാളെയും തെക്കൻ മദ്ധ്യ കേരളത്തിൽ മഴ സജീവമാകും. കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുക്കേർപ്പെടുത്തിയിട്ടുണ്ട്. കടലോര ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്. മണിക്കൂറിൽ 155 കി.മീ വരെ പ്രാപിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് നിലവിൽ പശ്ചിമതീരത്തിന് സമാന്തരമായാണ് സഞ്ചരിക്കുന്നതെന്നും അറിയിപ്പിൽ വ്യക്തമാക്കി.