ലണ്ടന്‍ - രണ്ട് മികച്ച ടീമുകള്‍ ബുധനാഴ്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടാനിരിക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്ക്. പരിശീലനത്തിനിടെ രോഹിതിന്റെ ഇടങ്കൈയില്‍ പരിക്കേറ്റു. തള്ളവിരലിന് പന്ത് കൊള്ളുകയായിരുന്നു. പരിക്ക് വഷളാവാതിരിക്കാന്‍ പിന്നീട് നെറ്റ്‌സില്‍ ബാറ്റ് ചെയ്തില്ല. 2021 ല്‍ ഈ ഗ്രൗണ്ടിലാണ് രോഹിത് തന്റെ ആദ്യത്തെ വിദേശ ടെസ്റ്റ് സെഞ്ചുറി സ്‌കോര്‍ ചെയ്തത്.
രണ്ട് സുവര്‍ണ തലമുറകള്‍ക്ക് ചരിത്രത്തില്‍ സ്ഥാനം നേടാന്‍ അവസാന അവസരം. കരിയറിന്റെ അവസാനത്തോടടുക്കുന്ന വിരാട് കോലിക്കും രോഹിത് ശര്‍മക്കും അജിന്‍ക്യ രഹാനെക്കുമൊക്കെ ഇത് രണ്ടാമത്തെ അവസരമാണ്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് സൈക്കിളില്‍ ഒരു പരമ്പരയേ ഇന്ത്യ തോറ്റിട്ടുള്ളൂ, ന്യൂസിലാന്റിനോട്. ഫൈനലിലും അവര്‍ക്കു മുന്നില്‍ കീഴടക്കി. ഓസ്‌ട്രേലിയക്കെതിരെ അവര്‍ക്ക് രണ്ടാമത്തെ അവസരമാണ് തുറന്നുകിട്ടിയിരിക്കുന്നത്. ഇത്തവണ ഫൈനലിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് സുഗമമായിരുന്നില്ല. ഓസ്‌ട്രേലിയയാണ് കുറച്ചുകൂടി ആധികാരികമായി ഫൈനലുറപ്പിച്ചത്. എന്നാല്‍ ജനുവരിയില്‍ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പിച്ചിട്ടുണ്ട്. അവസാന നാലു പരമ്പരയിലും ഓസീസിനെ ഇന്ത്യ തോല്‍പിച്ചിട്ടുണ്ട്, രണ്ടെണ്ണം ഇന്ത്യയിലും രണ്ടണ്ണം ഓസ്‌ട്രേലിയയിലും. ഓവലില്‍ പക്ഷെ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ഓവലിലെ പിച്ച് എങ്ങനെയെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാരണം സീസണില്‍ ഇത്ര നേരത്തെ ഇതുവരെ അവിടെ ടെസ്റ്റ് മത്സരം നടന്നിട്ടില്ല.
ഓസ്‌ട്രേലിയക്ക് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ നഷ്ടപ്പെട്ടത് നിര്‍ഭാഗ്യം കൊണ്ടാണ് ബൗളിംഗ് കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്തതിന് കിട്ടിയ പെനാല്‍ട്ടിയാണ് അവരുടെ ഫൈനല്‍ പ്രവേശം തടഞ്ഞത്. പെയ്‌സിന് പിന്തുണ കിട്ടുന്ന പിച്ചില്‍ ഓസ്‌ട്രേലിയക്കാണ് അല്‍പം മുന്‍തൂക്കം. പരിക്കും ഇന്ത്യയെയാണ് അലട്ടുന്നത് -ജസ്പ്രീത് ബുംറയും റിഷഭ് പന്തുമില്ലാത്തത് ഇന്ത്യയെ കാര്യമായി ബാധിക്കും. ജോഷ് ഹെയ്‌സല്‍വുഡിന്റെ പരിക്ക് ഓസീസിന് അത്ര വലിയ നഷ്ടമായിരിക്കില്ല.
ഓസീസ് ടീമില്‍ ഉസ്മാന്‍ ഖ്വാജക്കും നാഥന്‍ ലയണിനും ഡേവിഡ് വാണര്‍ക്കും മിച്ചല്‍ സ്റ്റാര്‍ക്കിനും സ്റ്റീവന്‍ സ്മിത്തിനും 33 കഴിഞ്ഞു. ഇന്ത്യന്‍ ടീമില്‍ ആര്‍. അശ്വിന്‍, രവീന്ദ്ര ജദേജ, കോലി, ചേതേശ്വര്‍ പൂജാര, രഹാനെ, രോഹിത്, ഉമേഷ് യാദവ് എന്നിവരുടെ കാര്യവും അങ്ങനെ തന്നെ. മുഹമ്മദ് ഷമിക്ക് മുപ്പത്തിരണ്ടായി. ക്യാപ്റ്റന്മാരായ രോഹിതിനും പാറ്റ് കമിന്‍സിനും ഇത് അമ്പതാം ടെസ്റ്റാണ്. ഇവര്‍ക്കൊന്നും ഇനി അധികം അവസരം ലഭിക്കാനില്ല.