കൊച്ചി- കേരളത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടും. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കാണ് തീരുമാനമെടുത്തത്. കരാര്‍ ലംഘിച്ച് 2018 സിനിമ ഒ. ടി. ടി റിലീസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്റര്‍ അടക്കല്‍ സമരം നടത്തുന്നത്.
ബുധന്‍, വ്യാഴം തിയ്യതികളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം പിന്നിട്ടാല്‍ മാത്രമേ ഒ. ടി. ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാവൂ എന്നാണ് തിയേറ്റര്‍ ഉടമകളും സിനിമാ നിര്‍മാതാക്കളുമായി കരാറുണ്ടായിരുന്നത്. ഇത് 2018 നിര്‍മാതാക്കള്‍ ലംഘിച്ചുവെന്നാണ് ഫിയോക്ക് ആരോപിക്കുന്നത്.
2018 തിയേറ്റര്‍ റിലീസിന് പിന്നാലെ 33-ാം ദിവസമാണ് സോണി ലിവ് ഒ. ടി. ടിയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തിയേറ്ററുകളില്‍ വലിയ കലക്ഷന്‍ ലഭിച്ച ചിത്രം എന്ന നിലയില്‍ 2018 കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മലയാള സിനിമയ്ക്ക് നേട്ടമാകുമായിരുന്നുവെന്നും ഫിയോക്ക് വിലയിരുത്തി.
തീയറ്ററുടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ചിത്രങ്ങള്‍ പെട്ടെന്ന് ഒ. ടി. ടിയില്‍ റിലീസ് ചെയ്താല്‍ കുടുംബങ്ങള്‍ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തില്ലെന്നും ഉടമകള്‍ പറഞ്ഞു.