കൊച്ചി- കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിഎസ് ശിവകുമാറിനെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നോട്ടീസ് നല്‍കി കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്തത്.
വിഎസ് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായിരുന്ന 2011 മുതല്‍ 2016 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് ഇ ഡി അന്വേഷിക്കുന്നത്. ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് മുമ്പ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടങ്ങിയത്. ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും ഇഡി പരിശോധന നടത്തിയിരുന്നു. ശിവകുമാര്‍ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടുകള്‍, ഒരു ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇഡി വിശദമായി അന്വേഷണം നടത്തുന്നത്.
അഭിഭാഷകനൊപ്പമാണ് വിഎസ് ശിവകുമാര്‍ രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്. ഇത് നാലാം തവണയാണ് ഇഡി മുന്‍ മന്ത്രി വിഎസ് ശിവകുമാറിന് നോട്ടീസ് നല്‍കുന്നത്. മുന്‍പ് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാമെന്ന് ശിവകുമാര്‍ ഇഡിയെ അറിയിക്കുകയായിരുന്നു.