മഞ്ചേരി-മോങ്ങം സ്വദേശിയായ വയോധികയുടെ മാല കവര്‍ച്ച ചെയ്ത സംഭവത്തിലെ പ്രധാന പ്രതി പിടിയിലായി. അരീക്കോട് സൗത്ത് പുത്തലം സ്വദേശി വെള്ളേരി ഒറ്റപാറക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (38) ആണ് പിടിയിലായത്. മോങ്ങം സ്വദേശിയായ വയോധിക കഴുത്തിലണിഞ്ഞ രണ്ടു പവനോളം വരുന്ന മാലയാണ് കവര്‍ന്നത്. രണ്ടു ദിവസം മുമ്പു ഇയാളുടെ കൂട്ടുപ്രതിയായ അരീക്കോട് സ്വദേശി അറക്കലകത്ത് അനീസി(37)നെ പോലീസ് പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ മേയ് 21ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ വയോധികയുടെ വീട്ടിലെത്തി ജനലില്‍ മുട്ടിവിളിക്കുകയായിരുന്നു. വയോധിക ജനല്‍ തുറന്നതോടെ അഴികള്‍ക്കിടയിലൂടെ കൈയിട്ടു മാല പൊട്ടിച്ചെടുത്ത് പ്രതികള്‍ രക്ഷപ്പെട്ടു. വയോധികയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കവര്‍ച്ച ചെയ്ത മുതല്‍ കണ്ടെത്തുന്നതിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും സ്ത്രീകളെ പരിചയപ്പെടുകയും തുടര്‍ന്ന് ചതിയിലൂടെ സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം മുങ്ങുകയും ചെയ്യുന്നതാണ് പിടിയിലായ അബ്ദുള്‍ റഷീദിന്റെ രീതി. ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്‌ഐ ഫദല്‍ റഹ്മാനും പ്രത്യേക അന്വേഷണ ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.