ദമാം - ഇച്ഛാശക്തിയും മനഃകരുത്തുമുണ്ടെങ്കിൽ ഒന്നും അപ്രാപ്യമല്ല എന്ന സന്ദേശം നൽകി, ഇമാം അബ്ദുറഹ്‌മാൻ ബിൻ ഫൈസൽ യൂനിവേഴ്‌സിറ്റി ബിരുദദാന ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി എഴുപതുകാരി. സർവകലാശാലയുടെ 44-ാമത് ബിരുദദാന ചടങ്ങിലാണ് 70 കാരി സൽവ ബിൻത് അബ്ദുറഹ്‌മാൻ അൽഅമാനി ബാച്ചിലർ ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. കിഴക്കൻ പ്രവിശ്യ ഗവർണറുടെ പത്‌നി അബീർ ബിൻത് ഫൈസൽ ബിൻ തുർക്കി രാജകുമാരിയുടെ സാന്നിധ്യത്തിൽ ആകെ 5,811 വിദ്യാർഥികളാണ് ബിരുദ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയത്.
46 വർഷം നീണ്ട അസാന്നിധ്യത്തിനു ശേഷമാണ് സൽവ അൽഅമാനി ഉന്നത പഠനമെന്ന സ്വപ്‌നം സാക്ഷാൽക്കരിക്കാൻ വീണ്ടും യൂനിവേഴ്‌സിറ്റിയിൽ ചേർന്നത്. പതിനേഴാം വയസിലാണ് സൽവ സെക്കണ്ടറി പൂർത്തിയാക്കിയത്. നാലര ദശകത്തിലേറെ നീണ്ട ഇടവേളക്കു ശേഷം പഠനം പൂർത്തിയാക്കണമെന്ന ശക്തമായ അഭിവാഞ്ജയോടെ സൽവ സർവകലാശാലാ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുകയായിരുന്നു. കെമിസ്ട്രി കോഴ്‌സിലാണ് പ്രവേശനം ലഭിച്ചത്. വിവാഹത്തിന്റെയും മറ്റു ജീവിത കാര്യങ്ങളുടെയും തിരക്കിലായതിനാൽ ചെറുപ്പകാലത്ത് പഠനം പൂർത്തിയാക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്ന് സൽവ പറയുന്നു. എന്നാൽ പഠനം പൂർത്തിയാക്കാനുള്ള അടങ്ങാത്ത ആസക്തി ഈ കാലത്തെല്ലാം ഹൃദയത്തിലും മനസ്സിലുമുണ്ടായിരുന്നു. 46 വർഷത്തിനു ശേഷം 2016 ൽ ആണ് പഠനം പുനരാരംഭിക്കുന്നതിനെ കുറിച്ച് വീണ്ടും ആലോചിക്കാൻ തുടങ്ങിയത്. സെക്കണ്ടറി പഠനം പൂർത്തിയാക്കിയത് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റു ഔദ്യോഗിക രേഖകളും നഷ്ടപ്പെട്ടതിനാലും 46 വർഷം പഠനത്തിൽ നിന്ന് വിട്ടുനിന്നതിനാലും നിലവിലെ നിയമങ്ങൾ പഠനം പുനരാരംഭിക്കുന്നതിന് അനുവദിക്കുന്നില്ലായിരുന്നു.
പഠനം പൂർത്തിയാക്കാനുള്ള അതീവ ആഗ്രഹത്താൽ കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തിയതിലൂടെ പഠനം പുനരാരംഭിക്കാനുള്ള അനുമതി ലഭിച്ചു. തന്റെ പ്രശ്‌നത്തിൽ നിയമോപദേശങ്ങൾ തേടിയാണ് പഠനം പുനരാരംഭിക്കാൻ കിഴക്കൻ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. എന്നാൽ യൂനിവേഴ്‌സിറ്റി പ്രവേശനത്തിനുള്ള ഔദ്യോഗിക രേഖകൾ നേടാൻ ഇന്റർമീഡിയറ്റും സെക്കണ്ടറിയും വീണ്ടും പഠിച്ച് പരീക്ഷകൾ എഴുതി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യവസ്ഥകൾ വെച്ചു.
ഒട്ടും ശങ്കിച്ചു നിൽക്കാതെ ഇന്റർമീഡിയറ്റും സെക്കണ്ടറിയും വീണ്ടും പഠിച്ച് പരീക്ഷകൾ എഴുതി സർട്ടിഫിക്കറ്റുകൾ നേടി.
ഇതോടെ ഇമാം അബ്ദുറഹ്‌മാൻ ബിൻ ഫൈസൽ യൂനിവേഴ്‌സിറ്റിയിൽ പ്രവേശനം ലഭിക്കുകയായിരുന്നു. പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഞാനും മറ്റു വിദ്യാർഥികളും തമ്മിലുള്ള വലിയ പ്രായവ്യത്യാസം കാരണം ജീവിതത്തിലും പഠനത്തിലും നേരിട്ട ബുദ്ധിമുട്ടുകൾക്കിടെയും വിദ്യാഭ്യാസം പൂർത്തിയാക്കാനുള്ള ആഗ്രഹം മനസ്സിൽ നിന്നും ഹൃദയത്തിൽ നിന്നും നഷ്ടപ്പെട്ടില്ല. എല്ലാവരുടെയും സഹകരണം പ്രയാസങ്ങൾക്ക് അയവ് വരുത്തുകയായിരുന്നെന്നും സൽവ പറയുന്നു.
ക്യാപ്.
സൽവ അൽഅമാനി