Sorry, you need to enable JavaScript to visit this website.

ഹജിന് ഒരുക്കം; പുണ്യസ്ഥലങ്ങളിൽ ഡെപ്യൂട്ടി ഗവർണറുടെ സന്ദർശനം

മക്ക - ഹാജിമാരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി, പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ ഏതാനും പുതിയ വികസന പദ്ധതികൾ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ എന്നിവരും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ പങ്കുള്ള വിവിധ വകുപ്പുകളുടെ മേധാവികളും മറ്റും ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചു.
അറബേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനി തമ്പുകൾ സന്ദർശിച്ച ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ കമ്പനി അറഫയിൽ നടപ്പാക്കുന്ന നൂതന തമ്പ് പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ചു. നടപ്പാത വികസനം, വൃക്ഷവൽക്കരണം, തമ്പുകളിലേക്കുള്ള ജലവിതരണ, വൈദ്യുതി സംവിധാനത്തിന്റെ നവീകരണം എന്നിവ അടക്കം തമ്പുകളുടെ പശ്ചാത്തല വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആകെ 2,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് പൂർത്തിയാക്കുന്ന പുതിയ തമ്പുകളിൽ 1,90,000 തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സാധിക്കും. 
അന്താരാഷ്ട്ര നിലവാരമുള്ള തമ്പുകൾ ചൂടും വെളിച്ചവും അൾട്രാവയലറ്റ് രശ്മികളും തടയുകയും തീ പ്രതിരോധിക്കുകയും ചെയ്യും. ഓരോ തമ്പുകളെയും പ്രത്യേക ശീതീകരണ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. തമ്പുകളിൽ ഉയർന്ന സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 21 സ്മാർട്ട് ക്യാമറകളും 500 നിരീക്ഷണ ക്യാമറകളും മുഖം തിരിച്ചറിയൽ, സ്മാർട്ട് ആൾക്കൂട്ട നിയന്ത്രണം, തിരക്ക് കൂടുതലാകാനുള്ള സാധ്യതയെ കുറിച്ച മുൻകൂർ മുന്നറിയിപ്പ് സാങ്കേതികവിദ്യകളും 5-ജി കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയും 200 ലേറെ നിരീക്ഷണ സ്‌ക്രീനുകളും 200 ഗെയ്റ്റുകളും 400 നടപ്പാതകളും അറബേതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് താമസസൗകര്യം നൽകുന്ന തമ്പുകളിൽ അടങ്ങിയിരിക്കുന്നു. 
ഈ വർഷം 48 അറബിതര ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 2,27,000 ഹാജിമാർക്കും യു.എ.ഇയിൽ നിന്നുള്ള തീർഥാടകർക്കും ത്വവാഫ കമ്പനി സേവനം നൽകും. ത്വവാഫ കമ്പനിക്കു കീഴിൽ അറഫയിൽ 932 തമ്പുകളാണുള്ളത്. കമ്പനി പുതുതായി നിർമിച്ച മോഡൽ പാചകപ്പുരയും ഗവർണർ സന്ദർശിച്ചു. 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പാചകപ്പുരയിൽ അറഫ ദിനത്തിൽ രണ്ടു ലക്ഷം പേക്കറ്റ് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. 
ജബലുറഹ്‌മ വികസന പദ്ധതി രണ്ടാം ഘട്ടം, മുസ്ദലിഫ വികസനം, കിദാന ഡെവലപ്‌മെന്റ് കമ്പനിക്കു കീഴിലെ തസ്‌ലീം സെന്റർ, മാലിക് സെന്റർ എന്നിവയും ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു. പരിസ്ഥിതി പരിഹാര സേവനങ്ങൾ, മക്ക നഗരസഭയുടെ ശുചീകരണ ജോലികൾ എന്നിവയും ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു. ഇത്തവണത്തെ ഹജ് കാലത്ത് പുണ്യസ്ഥലങ്ങളിലെ ശുചീകരണ ജോലികൾക്ക് മക്ക നഗരസഭ 7,298 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണ ജോലികൾക്ക് 913 ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നു.

ക്യാപ്.
പുണ്യസ്ഥലങ്ങളിലെ വികസന പദ്ധതികൾ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിക്കുന്നു.
 

Latest News