ആലപ്പുഴ - അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അയല്‍വാസിയായ ബിനുവിനെ കൊലപ്പെടുത്തിയ പാതിരാപ്പള്ളി ജ്യോതിനിവാസ് കോളനിയില്‍ സേവ്യറിനെയാണ് ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്. 2013 ജൂണ്‍ 16നാണ് സംഭവം നടന്നത്. സേവ്യറിന്റെ വീട്ടില്‍ പതിവായി ഒരു യുവാവ് എത്തിയിരുന്നത് കോളനിയിലെ താമസക്കാര്‍ എതിര്‍ത്തിരുന്നു. ഇതിന് മുന്നില്‍ നിന്നത് ബിനു ആയിരുന്നു. ഇത് സംബന്ധിച്ച് ബിനുവും സേവ്യറുമായി പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവ ദിവസം രാവിലെയും വൈകുന്നേരവും തര്‍ക്കമുണ്ടായി. വൈകിട്ട് നാലരയോടെ സേവ്യറിന്റെ ഭാര്യയും ബിനുവുമായി തര്‍ക്കമുണ്ടായി. ഇത് കണ്ട സേവ്യര്‍ കത്തിയുമായി ഓടിവന്നു ബിനുവിനെ കുത്തുകയായിരുന്നു. ബിനു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. കോടതി വിധിച്ച പിഴത്തുകയായ ഒരു ലക്ഷം രൂപ മരിച്ച ബിനുവിന്റെ ഭാര്യയ്ക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം സേവ്യര്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.