Sorry, you need to enable JavaScript to visit this website.

പ്രകൃതിയുടെ സ്പന്ദനവുമായി കുറുവ ദ്വീപുകൾ

പനമരം, മാനന്തവാടി പുഴകൾ സംഗമിക്കുന്ന കൂടൽക്കടവിൽനിന്നു കബനിയെന്ന പേരുമായി ഹ്രസ്വദൂരം പിളർന്നൊഴുകുന്ന നദിയിലെ പച്ചത്തുരുത്തുകൾ കവരുകയാണ് ലോകമെങ്ങുമുള്ള സഞ്ചാര പ്രിയരുടെ മാനസം.  പ്രകൃതിയുടെ സ്പന്ദനം അനുഭവിച്ചറിയാമെന്നതു കുറുവ ദ്വീപുകൾ എന്നറിയപ്പെടുന്ന പച്ചത്തുരുത്തുകളെ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര രംഗത്തു ശ്രദ്ധേയമാക്കുകയാണ്. ദ്വീപിലൂടെയുള്ള നടത്തവും കബനിയിലെ കുളിയും പ്രകൃതിദൃശ്യങ്ങളും ശുദ്ധവായുവും  പുളകിതമാക്കുകയാണ് നഗരങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളുടെ ഹൃദയങ്ങളെ.
388 ൽപരം ഇനം സസ്യജാലങ്ങളുടെ സാന്നിധ്യം കുറുവ ദ്വീപുകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വംശനാശം നേരിടുന്നതടക്കം 57 ഇനം ഓർക്കിഡുകൾ കുറുവയിലുണ്ട്. 92 ഇനം വൻമരങ്ങളാണ് ദ്വീപുകളിൽ തണൽ വിരിക്കുന്നത്. 35 മീറ്റർ വരെ ഉയരത്തിൽ വളരുന്ന നനവാർന്ന ഇലപൊഴിക്കും കാടുകളും കുറുവയുടെ പ്രത്യേകതയാണ്. ഔഷധ ഗുണമുള്ള ചിലയിനം വള്ളിച്ചെടികൾ വയനാട്ടിൽ കുറുവ ദ്വീപുകളിൽ മാത്രമാണുള്ളത്. അപൂർവ  ഇനങ്ങളിൽ പെട്ടതടക്കം പക്ഷി-മൃഗാദികളുടെ ആവാസ വ്യവസ്ഥയുമാണ് സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ  പാതിരി സെക്ഷനിലുള്ള  കുറുവ ദ്വീപുകൾ.


ചെറുതും വലുതുമായ 70 ൽപരം തുരുത്തുകളാണ് കുറുവയിലുള്ളത്.  ഇതിൽ കബനി നദിയിലെ പാൽവെളിച്ചത്തിനും ചെറിയമലക്കും ഇടയിലുള്ള രണ്ട് വലിയ തുരുത്തുകളിലാണ് ടൂറിസം. നേരത്തേ ഏഴ് തുരുത്തുകളിൽ സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നു. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണവും സന്ദർശകരുടെ സുരക്ഷയും കണക്കിലെടുത്താണ് വിനോദ സഞ്ചാരം രണ്ട് ദ്വീപുകളിലായി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ഒന്നര  പതിറ്റാണ്ടിനിടെ ആറ് സഞ്ചാരികൾ കുറുവയിൽ  വിനോദ യാത്രക്കിടെ മുങ്ങിമരിച്ചിരുന്നു. നിലവിൽ അപകട മേഖലകൾ വേലികെട്ടിത്തിരിച്ചിട്ടുമുണ്ട്. 950 ഏക്കറാണ് ജനവാസമില്ലാത്ത ദ്വീപ് സമൂഹത്തിന്റെ ആകെ വിസ്തൃതി.  ഇതിൽ ഏകദേശം 65 ഏക്കറാണ് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരത്തിനു ഉപയോഗപ്പെടുത്തുന്നത്.
മാനന്തവാടിയിൽനിന്ന് പാൽവെളിച്ചം വഴിയും പുൽപള്ളി, പനമരം ഭാഗങ്ങളിൽനിന്ന് പാക്കം വഴിയുമാണ് സഞ്ചാരികൾ കുറുവ ദ്വീപുകളിലെത്തുന്നത്. കബനി നദിയുടെ പാൽവെളിച്ചം, പാക്കം ചെറിയമല ഭാഗങ്ങളിൽനിന്നു സഞ്ചാരികളെ മുളനിർമിത ചങ്ങാടങ്ങളിലാണ് ദ്വീപുകളിലേക്കും തിരിച്ചും എത്തിക്കുന്നത്.   പാൽവെളിച്ചം ഭാഗത്ത് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും വനം വകുപ്പും സംയുക്തമായും ചെറിയമല ഭാഗത്ത് വനം വകുപ്പ് തനിച്ചുമാണ് ടൂറിസം പ്രവർത്തനം നിയന്ത്രിക്കുന്നത്.

മധ്യവേനൽ അവധിക്കാലത്ത് സഞ്ചാരികളുടെ പ്രവാഹം 
ഇക്കഴിഞ്ഞ മധ്യവേനൽ അവധിക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കിനാണ് കുറുവ വിനോദ സഞ്ചാര കേന്ദ്രം സാക്ഷ്യം വഹിച്ചത്. വിദേശികളടക്കം സഞ്ചാരികൾ പ്രകൃതിയെ അടുത്തറിയാൻ കുറുവയിലെത്തി.
ഏപ്രിലിൽ മാത്രം 29,67,533 രൂപയാണ് ടിക്കറ്റ് വിറ്റുവരവ്. നിയന്ത്രണമുള്ളതിനാൽ പാൽവെളിച്ചം വഴിയും പാക്കം ചെറിയമല വഴിയും  ദിവസം 575 വീതം ആളുകൾക്കാണ് ദ്വീപിൽ പ്രവേശനം. രണ്ടു ഭാഗങ്ങളിലൂടെയും ദ്വീപിലേക്കു ചങ്ങാട സർവീസുണ്ട്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടർന്ന് 2019 മാർച്ച് 22 ന് ദ്വീപിൽ വിനോദ സഞ്ചാരം വിലക്കിയിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയും വാഹകശേഷി നിർണയിക്കാതെയും ഇക്കോ ടൂറിസം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാതെയും വനം വകുപ്പ് നടത്തുന്ന ടൂറിസം കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നു ആവശ്യപ്പെട്ട്  വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹരജിയിലായിരുന്നു കോടതി വിലക്ക്. പ്രദേശവാസികളിൽ ചിലർ സമർപ്പിച്ച  പൊതുതാൽപര്യ ഹരജിയിൽ ഉപാധികളോടെ കോടതി അനുവദിച്ചതിനെത്തുടർന്നു 2021 ഒക്ടോബർ രണ്ടിനാണ് സഞ്ചാരി പ്രവേശനം പുനരാരംഭിച്ചത്. ദ്വീപിൽ  ബാധകമാക്കിയ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം കുറുവയിൽ വിനോദ സഞ്ചാരം വിലക്കണമെന്ന  നിലപാടിലാണ് ജില്ലയിലെ പരിസ്ഥിതി സംഘടനകളിൽ പലതും.
ദ്വീപിൽ പ്രവേശനത്തിന് രാവിലെ 9.30 മുതലാണ് ടിക്കറ്റ് വിതരണം. രാവിലെ ഏഴു മുതൽ വരിനിന്നാണ് ആളുകൾ ടിക്കറ്റ് എടുക്കുന്നത്. ഒരു മണിക്കൂറിനകം ടിക്കറ്റ് വിറ്റുതീരുന്ന സ്ഥിതിയാണുള്ളത്. ജി.എസ്.ടി ഉൾപ്പെടെ മുതിർന്നവർക്ക് 110 ഉം വിദേശികൾക്ക്  200 ഉം വിദ്യാർഥികൾക്കു 75 ഉം രൂപയാണ് പ്രവേശന ഫീസ്. ക്യാമറ ഉപയോഗത്തിനു  59 രൂപ നൽകണം.
ഡി.ടി.പി.സി കബനിയിൽ നടത്തുന്ന ചങ്ങാട സവാരിക്ക് 15 മിനിറ്റിന് രണ്ടു പേർക്ക് 200 ഉം അഞ്ചു പേർക്ക് 400 ഉം  രൂപയാണ് ഫീസ്. അഞ്ചു പേർക്ക് 45 മിനിറ്റിന് 1250 രൂപ നൽകണം. സഞ്ചാരികളെ ദ്വീപിൽ എത്തിക്കുന്നതിനു വലിയതടക്കം ഏഴ് ചങ്ങാടങ്ങളാണ് ഡി.ടി.പി.സിക്കുള്ളത്.

മുഖം മിനുക്കാൻ നഗരവനം പദ്ധതി
കുറുവ വിനോദ സഞ്ചാര കേന്ദ്രത്തെ കേന്ദ്രാവിഷ്‌കൃത നഗരവനം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു കോടി രൂപയുടെ പ്രവൃത്തികളാണ് പദ്ധതിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഔഷധത്തോട്ടം, ഹാങിഗിംഗ് ഗാർഡൻ, ഇന്റർപ്രട്ടേഷൻ സെന്റർ, ശുചിമുറികൾ, പാർക്കിംഗ് ഏരിയ, ദ്വീപിനെയും അതിലെ ജൈവ വൈവിധ്യത്തെക്കുറിച്ചും പഠനം നടത്തുന്നവരുടെ താമസത്തിനടക്കം സൗകര്യം, ബാംബു മ്യൂസിയം തുടങ്ങിയവയാണ് നഗരവനം പദ്ധതിയിൽ ഒരുക്കുന്നത്. പരിസ്ഥിതി സൗഹൃദ നിർമാണമാണ് നടത്തുക. കേരള പോലീസ് ഹൗസിംഗ് കോ ഓപറേറ്റീവ് സൊസൈറ്റിക്കാണ്  പ്രവൃത്തി ചുമതല.

ഉപജീവനത്തിനു ആശ്രയിക്കുന്നത് നിരവധി കുടുംബങ്ങൾ 
നിരവധി കുടുംബങ്ങളാണ് കുറുവ ടൂറിസം കേന്ദ്രത്തെ നേരിട്ടും അല്ലാതെയും ഉപജീവനത്തിനു ആശ്രയിക്കുന്നത്. ടൂറിസം കേന്ദ്രത്തിലേക്കുള്ള വഴിയോരത്തു ചെറുകിട ഹോട്ടലുകൾ  നടത്തിയും കരകൗശല വിൽപനശാലകളും പെട്ടിപ്പീടികകളും തുറന്നും അനേകരാണ്  വരുമാനം കണ്ടെത്തുന്നത്. ടൂറിസം വികസനം മുന്നിൽ കണ്ട് കുറുവ ദ്വീപിനടുത്തു സ്വകാര്യ ഭൂമികളിൽ റിസോർട്ടുകളും ഹോംസ്റ്റേകളും കെട്ടിപ്പൊക്കിയവരും നിരവധിയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ടാക്സി-ഓട്ടോ ഉടമകളുടെയും ഡ്രൈവർമാരുടെയും പ്രധാന വരുമാന മാർഗവുമാണ് കുറുവ ടൂറിസം. തദ്ദേശവാസികളായ വനസംരക്ഷണ സമിതി അംഗങ്ങളാണ് വിനോദ സഞ്ചാര കേന്ദ്രത്തിലെ  താത്കാലിക ജീവനക്കാരിൽ  അധികവും. ടിക്കറ്റ് വിറ്റുവരവിൽനിന്നാണ് ഇവർക്കു വേതനം നൽകുന്നത്.

Latest News