കൊല്‍ക്കത്ത- ബോംബുണ്ടെന്ന യാത്രക്കാരന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകി. യാത്രക്കാരേയും ജോലിക്കാരെയും പുറത്തിറക്കി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ 186 യാത്രക്കാരുണ്ടായിരുന്നു.
വിമാനം ടേക്ക് ഓഫിന് ഒരുങ്ങിയിരിക്കെയാണ് വിമാനത്തില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ വെളിപ്പെടുത്തിയത്. വിശ്വസനീയ വിവരം ലഭിച്ചുവെന്നാണ് യാത്രക്കാരന്‍ പറഞ്ഞിരുന്നത്. ജോലിക്കാര്‍ ഉടന്‍ തന്നെ എയര്‍പോര്‍ട്ടിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എല്ലാ യാത്രക്കാരേയും പുറത്തിറക്കിയ ശേഷം മണം പിടിക്കുന്ന നായകളുടെ സഹായത്തെടെയാണ് വിമാനം പരിശോധിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും സി.ഐ.എസ്.എഫിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
വിശദമായ പരിശോധനക്കു ശേഷം വിമാനം ഒമ്പത് മണിയോടെ ദോഹയിലേക്ക് പുറപ്പെട്ടു.
വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍മാരുടെ രേഖകള്‍ സഹിതം യുവാവിന്റെ പിതാവ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചു.