കൊച്ചി- മാർക്ക് കോളത്തിൽ പൂജ്യം എന്ന് രേഖപ്പെടുത്തിയിട്ടും എസ്.എഫ്.ഐ നേതാവിന് വിജയം. മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റാണ് വിവാദത്തിലായത്. മൂന്നാം സെമസ്റ്റർ ആർക്കിയോളജി വിഭാഗം പരീക്ഷ എഴുതിയിരുന്നില്ലെന്നും എഴുതാത്ത പരീക്ഷയാണ് ആർഷോ വിജയിച്ചതായി മാർക്കിലിസ്റ്റിലുള്ളതെന്നുമാണ് ആരോപണം.
ആർഷോ റിമാന്റിൽ കഴിയുന്ന സമയത്താണ് മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ നടന്നത്. എഴുതാത്ത പരീക്ഷയിൽ എങ്ങിനെയാണ് എസ്.എഫ്.ഐ നേതാവ് ജയിച്ചത് എന്ന് കെ.എസ്.യു ചോദിച്ചു. പിന്നീട് റീ അഡ്മിഷൻ എടുത്താണ് ആർഷോ പരീക്ഷ എഴുതിയത്. ആദ്യം നടന്ന പരീക്ഷയുടെ റിസൾട്ട് ആണ് വിജയിച്ചു എന്ന് രേഖപ്പെടുത്തിയത്.
അതേസമയം, 'പാസ്ഡ്' എന്ന് മാർക്ക് ലിസ്റ്റിൽ ഉള്ളത് സാങ്കേതിക പിഴവാണെന്നാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വിശദീകരിക്കുന്നത്. മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുമായി ബന്ധപ്പെട്ട് ചില തകരാറുകൾ ഉണ്ടെന്നാണ് കോളേജിന്റെ വിശദീകരണം.