കോട്ടയം - വാഹനാപകടത്തില്‍ മരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടില്‍ മൃതദേഹം എത്തിക്കും. തുടര്‍ന്ന് പത്തു മണിയോടെ പൊങ്ങന്താനം യു പി സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെന്റ് മാത്യൂസ് ക്‌നാനായ കത്തോലിക്ക ചര്‍ചിലും പൊതുദര്‍ശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടത്. പുലര്‍ച്ചെ തൃശൂര്‍ പറമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. സുധിയും സുഹൃത്തുക്കളായ കലാകാരന്‍മാരും സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. സുധിയോടൊപ്പമുണ്ടായിരുന്ന, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഉല്ലാസിന്റെയും മഹേഷിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ അപകടനില തരണം ചെയ്തു.