കമ്പം (തമിഴ്‌നാട്) - തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയാണ് ഹര്‍ജി പരിഗണിക്കുക. എറാണാകുളം സ്വദേശിനി റബേക്കാ ജോസഫാണ് അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി അംഗീകരിക്കപ്പെട്ടാല്‍ അരിക്കൊമ്പന്‍ വീണ്ടും കേരളത്തിലെത്തും. ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേസില്‍ തീര്‍പ്പാകുന്നത് വരെ ആനയെ വനംവകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ മയക്കുവെടിയേറ്റ ആനയെ സൂക്ഷിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാട്ടില്‍ വിടാന്‍ കോടതി സമ്മതിച്ചെങ്കിലും ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ രാത്രിയോടെ കാട്ടില്‍ വിടുന്നത് ഒഴിവാക്കുകയായിരുന്നു.ജനവാസമേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ തിങ്കളാഴ്ച പുലര്‍ച്ചെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെയ്ക്കുകയായിരുന്നു. ആന വനത്തില്‍ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചതെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇത് ആനയെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് വനംവകുപ്പ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ പഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വ്വ് വനത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കമ്പം ടൗണിലൂടെ വിരണ്ട് ഓടുകയും ചെയതിരുന്നു. ഇതിനിടില്‍ സൈക്കിള്‍ യാത്രക്കാരനെ ആന ആക്രമിക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അവനിഷ്ടമുള്ളിടത്ത് തങ്ങുന്നതിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങള്‍ മനുഷ്യന് വേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതല്‍ പറഞ്ഞ് വിഷയം വിവാദമാക്കാനില്ലെന്നും
കളമശ്ശേരി സെന്റ് പോള്‍സ് കോളേജിലെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയതുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.