Sorry, you need to enable JavaScript to visit this website.

അരിക്കൊമ്പനെ ഉടന്‍ ഉള്‍വനത്തില്‍ തുറന്ന് വിടില്ല, ആനയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമല്ല

കമ്പം(തമിഴ്നാട്) - മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് ഉടന്‍ ഉള്‍വനത്തിലേക്ക് തുറന്ന് വിടില്ല. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിടാന്‍ തീരുമാനിക്കുകയും അവിടേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നെങ്കിലും അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമല്ലാത്തതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ച ശേഷം മാത്രമേ തുറന്നു വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
ജനവാസമേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെയ്ക്കുകയായിരുന്നു. ആന വനത്തില്‍ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചതെന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരിക്കൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇത് ആനയെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് വനംവകുപ്പ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ പഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വ്വ് വനത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ കമ്പത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കമ്പം ടൗണിലൂടെ വിരണ്ട് ഓടുകയും ചെയതിരുന്നു. ഇതിനിടില്‍ സൈക്കിള്‍ യാത്രക്കാരനെ ആന ആക്രമിക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

 


 

Latest News