തൃശൂർ - കൈക്കൂലി വാങ്ങിയ റവന്യൂ ഓഫീസർ പിടിയിലായി. തൃശൂർ കോർപറേഷനിലെ റവന്യൂ ഓഫീസർ കെ നാദിർഷയാണ് വിജിലൻസിന്റെ പിടിയിലായത്.
വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സർട്ടിഫിക്കറ്റിനായി പനമുക്ക് സ്വദേശിയായ സന്ദീപിൽനിന്ന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് സന്ദീപ് കണിമംഗലം ഓഫീസിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഓണർഷിപ്പ് മാറ്റാൻ റവന്യൂ ഓഫീസർ 2000രൂപ ആവശ്യപ്പെട്ടു. തുടർന്ന് സന്ദീപ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
ശേഷം വിജിലൻസ് സന്ദീപിന് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 2000 രൂപ വാങ്ങി നാദിർഷ പാന്റിന്റെ പോക്കറ്റിൽ വയ്ക്കുകയായിരുന്നു. പിന്നാലെ വിജിലൻസ് എത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പണം പുറത്തെടുക്കാൻ മടിച്ചപ്പോഴാണ് മുണ്ടുടുപ്പിച്ച്, കൈക്കൂലി പണമുള്ള പാന്റ് വിജിലൻസ് ഉദ്യോഗസ്ഥർ ഊരിയെടുപ്പിച്ചത്. റവന്യൂ ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സിലും വിജിലൻസ് പരിശോധന നടത്തി. ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നാദിർഷ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെയും പരാതി ഉയർന്നിരുന്നു.