കൊച്ചി- സ്വന്തം നഗ്നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ച കേസില്‍ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ തുടര്‍നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് റദ്ദാക്കിയത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി രഹ്നാ ഫാത്തിമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ച സംഭവത്തില്‍ ജുവനൈല്‍ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തിരുവല്ല, എറണാകുളം സൗത്ത് സ്‌റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യമാണെന്നുമാണ് ഹരജിയില്‍ രഹ്ന ഫാത്തിമ ചൂണ്ടിക്കാട്ടിയത്. പോക്‌സോ അടക്കമുള്ള ഗുരുതര വകുപ്പുകള്‍ തനിക്കെതിരെ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ ബോധിപ്പിച്ചു.
'ബോഡി ആന്‍ഡ് പൊളിറ്റിക്‌സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്.
സമൂഹത്തിന്റെ ധാര്‍മികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷന്‍മാരുടെ മാറിടത്തെ നഗ്‌നതയായോ അശ്ലീലമായോ ആരും കാണാറില്ല. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്താറുമില്ല. എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍ ആളുകള്‍ക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലര്‍ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.