Sorry, you need to enable JavaScript to visit this website.

ഹാജിമാരെ വിസ്മയിപ്പിച്ച് വിശുദ്ധ ഹറമിലെ നൂതന സംവിധാനങ്ങള്‍

മക്ക - വിശുദ്ധ ഹറമില്‍ ശുചീകരണ, അണുനശീകരണ ജോലികള്‍ക്ക് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും ലോക രാജ്യങ്ങളില്‍ നിന്ന് എത്തിയ ഹജ് തീര്‍ഥാടകരെ വിസ്മയിപ്പിക്കുന്നു. ഓരോ സമയത്തെയും നിര്‍ബന്ധ നമസ്‌കാരം പൂര്‍ത്തിയായാലുടന്‍ നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് ഹറമിന്റെ മുക്കുമൂലകളും മുറ്റങ്ങളും മതാഫും മസ്അയും റെക്കോര്‍ഡ് സമയത്തിനകം ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ഹറമില്‍ അനുഭവപ്പെടുന്ന തീര്‍ഥാടകരുടെ കടുത്ത തിരക്കിനിടെയാണ് ഏറെ പ്രൊഫഷനലിസത്തോടെ അതിനൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് ശുചീകരണ, അണുനശീകരണ ജോലികള്‍ നിര്‍വഹിക്കുന്നത്.
തങ്ങളുടെ രാജ്യങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആധുനിക യന്ത്രങ്ങളും വാഹനങ്ങളും ഉപകരണങ്ങളും പ്രത്യേക ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീര്‍ഥാടകര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുകയാണ്. ഇത് പലരുടെയും കണ്ണുകളില്‍ ആശ്ചര്യം ജനിപ്പിക്കുന്നു. വിശുദ്ധ ഹറം ശുചീകരിക്കാനും അണുവിമുക്തമാക്കാനും സൗദി അറേബ്യ പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യകള്‍ ലൈവ് വീഡിയോകളൂടെ സ്വദേശങ്ങളിലുള്ള കുടുംബാംഗങ്ങളെ കാണിക്കാന്‍ ഹാജിമാരെ ഇത് പ്രേരിപ്പിക്കുന്നു. ഇലക്ട്രിക് ക്രെയിനുകള്‍, ഫോര്‍ക്ക്‌ലിഫ്റ്റുകള്‍, വാസ്തുവിദ്യാ ഘടകങ്ങള്‍ വൃത്തിയാക്കാനുള്ള കംപ്രസ്സറുകള്‍, വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ വൃത്തിയാക്കാനുള്ള ക്രെയിനുകള്‍, ശുചീകരണ ആവശ്യങ്ങള്‍ക്കുള്ള വ്യത്യസ്ത ഇനം വണ്ടികള്‍, ഉപകരണങ്ങള്‍, കാര്‍പെറ്റുകള്‍ നീക്കം ചെയ്യാനുള്ള ഇലക്ട്രിക് കാര്‍ട്ടുകള്‍, നിലം കഴുകാനുള്ള വാഹനങ്ങള്‍, അണുനശീകരണത്തിനുള്ള വണ്ടികള്‍, ഹറമിന്റെ മുറ്റങ്ങളില്‍ വികലാംഗരും രോഗികളും അവശരുമായ തീര്‍ഥാടകരുടെ യാത്രക്കുള്ള ഇലക്ട്രിക് കാര്‍ട്ടുകള്‍, സ്‌പ്രേ പമ്പുകള്‍, പെര്‍ഫ്യൂം പമ്പുകള്‍, അണുനശീകരണ ജോലികള്‍ക്കുള്ള റോബോട്ടുകള്‍, മാര്‍ബിള്‍ പ്രതലങ്ങള്‍ വൃത്തിയാക്കാനും മിനുക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ എന്നിവയെല്ലാം അധിക തീര്‍ഥാടകര്‍ക്കും പുതിയ കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്.
ഹറമില്‍ ഉപയോഗിക്കുന്ന നൂതന ശുചീകരണ, അണുനശീകരണ സംവിധാനങ്ങളുടെ വീഡിയോകളെടുക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ ഇവ കണ്‍നിറയെ കാണാനാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.
ഹറമിന്റെ മുറ്റങ്ങളും മതാഫും മസ്അയും അടക്കമുള്ള നിലത്തും പ്രതലങ്ങളിലും മാത്രമല്ല, തൂണുകള്‍, ഭിത്തികള്‍, മേല്‍ത്തട്ട്, താഴികക്കുടങ്ങള്‍, സംസം ടാപ്പുകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍, എസ്‌കലേറ്ററുകള്‍, ഗോവണി പടികള്‍, ചെമ്പ് ഉപയോഗിച്ചുള്ള അലങ്കാര പണികള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണ, അണുനശീകരണ ജോലികള്‍ നടത്തുന്നു. ഹറമിന്റെ മുറ്റങ്ങളില്‍ മഴവെള്ളം തിരിച്ചുവിടുന്ന ഡ്രൈനേജുകളും പ്രാവുകള്‍ കൂട്ടംചേരുന്ന സ്ഥലങ്ങളും ഇതേപോലെ മുടങ്ങാതെ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു.
വിശുദ്ധ ഹറമില്‍ ശുചീകരണ ജോലികള്‍ക്ക് വിദേശത്തു നിന്ന് എത്തിച്ച സാങ്കേതികവിദ്യകള്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്നും, വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പുണ്യസ്ഥലങ്ങളുടെയും പരിചരണത്തിന് സൗദി അറേബ്യ കാണിക്കുന്ന അതീവ ശ്രദ്ധയും താല്‍പര്യവുമാണ് ഇത് വ്യക്തമാക്കുന്നതെന്നും തീര്‍ഥാടകര്‍ പറയുന്നു.

 

 

 

Latest News