ജിദ്ദ - രാജ്യത്തെ നാലു പ്രവിശ്യകളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ ഏര്‍പ്പെടുത്താന്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിക്ക് നീക്കമുള്ളതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. മദീന, അല്‍ഖസീം, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് പരിശോധനാ ടേബിളുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. അതിനൂതന ക്യാമറകള്‍, ഡാറ്റാബേസുമായി ബന്ധിപ്പിച്ച എക്‌സ്‌റേ ഉപകരണം എന്നിവ സ്മാര്‍ട്ട് ടേബിളുകളില്‍ അടങ്ങിയിരിക്കും.
സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം എളുപ്പവും കുറ്റമറ്റതുമാക്കാന്‍ ആധുനിക സംവിധാനം സഹായിക്കും. സ്മാര്‍ട്ട് ടേബിളിലൂടെ ബാഗേജുകള്‍ കടന്നുപോകുന്നതോടെ ഡാറ്റാബേസില്‍ സൂക്ഷിച്ച പേഴ്‌സണല്‍ റെക്കോര്‍ഡ് വഴി യാത്രക്കാരന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ തിരിച്ചറിയുന്ന ഫീച്ചര്‍ പുതിയ സ്മാര്‍ട്ട് ടേബിള്‍ സംവിധാനത്തില്‍ അടങ്ങിയിരിക്കുന്നു. ബാഗേജിലുള്ള ചരക്കുകളുടെ ഇനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.