റിയാദ്- പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് റിയാദിലെ താമസ സ്ഥലത്ത് മുരിങ്ങ മരം നട്ട് പ്രവാസി മലയാളിയുടെ മാതൃക. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള കോഴിക്കോട് സ്വദേശി യൂനസ് പരപ്പിലാണ് റിയാദ് ത്വവാര്‍ ഉവൈദക്ക് സമീപം റിമാല്‍ റോഡിലുള്ള താമസ സ്ഥലത്ത് മുരിങ്ങമരം നട്ടത്. കോഴിക്കോട് പീപ്പിള്‍സ് ആക് ഷന്‍ ഗ്രൂപ്പ് സെക്രട്ടറിയായ യൂനസ് പരപ്പില്‍ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
കുപ്പിയിലെങ്കിലും വെള്ളം കൊണ്ടുപോയി ചെടികള്‍ക്ക് നനക്കാറുണ്ടെന്നും ചൂട് കൂടിവരുമ്പോള്‍ പച്ചപ്പിനായി നമ്മള്‍ ഓരോരുത്തരും സാധ്യമാകുന്നത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ലോക പരിസ്ഥിതി ദിനത്തിന്റെ അമ്പതാം വാര്‍ഷികമാണ് ഇന്ന്.യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാമാണ് (യുഎന്‍ഇപി) വര്‍ഷം തോറും ലോക പരിസ്ഥിതി ദിനം സംഘടിപ്പിക്കുന്നത്. 1972ല്‍ സ്‌റ്റോക്ക്‌ഹോം ഹ്യൂമന്‍ എന്‍വയോണ്‍മെന്റ് കോണ്‍ഫറന്‍സിലാണ് യുഎന്‍ പരിസ്ഥിതി ദിനം ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തിനുശേഷം ആദ്യത്തെ ലോക പരിസ്ഥിതി ദിനം ഔദ്യോഗികമായി ആചരിച്ചു.
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.
2022 മാര്‍ച്ച് രണ്ടിന് 175 യുഎന്‍ അംഗരാജ്യങ്ങള്‍ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര പരിസ്ഥിതി അസംബ്ലി അംഗീകരിച്ച പ്രമേയത്തില്‍ ഒപ്പുവച്ചു. 2024ഓടെ ഇത് സംബന്ധിച്ച് നിയമപരമായ കരാറിന് രൂപം നല്‍കും.