Sorry, you need to enable JavaScript to visit this website.

തേനിയില്‍ ജനവാസ മേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു

കമ്പം (തമിഴ്‌നാട്) - ജനവാസമേഖലയിലേക്കിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. തമിഴ്‌നാട് വനം വകുപ്പാണ് ഇന്ന് പുലര്‍ച്ചെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ച് അരിക്കൊമ്പന് മയക്കുവെടിവെച്ചത്. വെടിയേറ്റ് മയങ്ങിയ ആനയെ അനിമല്‍ ആംബുലന്‍സിന്‍ കയറ്റില്‍ ഉള്‍ക്കാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.  ആന വനത്തില്‍ നിന്നും പുറത്തു വന്നപ്പോഴാണ് വെടി വെച്ചതെന്ന് തമിഴ്‌നാട് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ട് തവണ മയക്കുവെടിവെച്ചുവെന്നാണ് വിവരം. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.  മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകള്‍ കെട്ടി അല്‍പ്പസമയത്തിനുള്ളില്‍ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി വനത്തിനുള്ളിലേക്ക് കടത്തിവിടും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പന്‍. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ഇത് ആനയെ മുഴുവന്‍ സമയവും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്‌നാട് വനംവകുപ്പ് സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു.  അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂര്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ നിരോധനാജ്ഞ പഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ 29 നാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാര്‍ റിസര്‍വ്വ് വനത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ  കമ്പത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കമ്പം ടൗണിലൂടെ വിരണ്ട് ഓടുകയും ചെയതിരുന്നു. ഇതിനിടില്‍ സൈക്കിള്‍ യാത്രക്കാരനെ ആന ആക്രമിക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു.  ഇതോടെ ആനയെ മയക്കുവെടിവെച്ച് ഉള്‍ക്കാട്ടിലേക്ക് എത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

 

Latest News