കൊച്ചി- നടി ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ നടന്‍ ദീലീപ് മജിസ്‌ട്രേറ്റ് കോടതി മുതല്‍ ഹൈക്കോടതി വരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒന്നിനു പിറകെ ഒന്നായി 11 ഹര്‍ജികള്‍ സമര്‍പ്പിച്ചത് കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. കൃത്യമായ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ദിലീപിനെ കേസില്‍ പ്രതിയാക്കിയതെന്നും കേസ് ഏത് ഏജന്‍സ് അന്വേഷിക്കണമെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കേസ് സംബന്ധിച്ച എല്ലാ രേഖകളും ദിലീപിന് നല്‍കിയിട്ടും ഒരോ ആവശ്യങ്ങളുന്നയിച്ച് 11 ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. വിചാരണ വൈകിപ്പിക്കാനുള്ള ദിലീപിന്റെ കുടില തന്ത്രമാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.ഹര്‍ജികളുടെ വിശദ പട്ടികയും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാന്‍ ദിലീപ് ശ്രമിക്കുകയാണ്. നടിക്കും മുന്‍ ബാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ എതിര്‍വാദങ്ങല്‍ക്ക് മറുപടി നല്‍കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ചോദിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 23-ലേക്ക് മാറ്റി.
നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ എറണാകുളം സെഷന്‍സ് കോടതിയില്‍ നടന്നു വരികയാണ്. പ്രതികളുടെ അനാവശ്യ ഹര്‍ജികള്‍ വിചാരണ വൈകിപ്പിക്കുമെന്ന് നേരത്തെ സെഷന്‍സ് കോടതിയും പറഞ്ഞിരുന്നു.