കൊച്ചി- റോഡ് പണി നടക്കുന്നിടത്ത് ബൈക്ക് അപകടത്തില്‍പെട്ട യുവാവിന്റെ കയ്യില്‍ തുളഞ്ഞു കയറിയ വാര്‍ക്കക്കമ്പികള്‍ കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ നീണ്ട അതിശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അപകടത്തില്‍പെട്ട ആലപ്പുഴ കോടംതുരുത്ത് മുരിക്കല്‍ ആരോമല്‍ (23) അത്യപൂര്‍വ്വ ശാസ്ത്രക്രിയക്കൊടുവില്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
ആലപ്പുഴ കോടംതുരുത്തില്‍ കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞു വരികയായിരുന്ന ആരോമല്‍ സഞ്ചരിച്ച ബൈക്ക് റോഡ് പണി നടക്കുന്നതിനിടയിലേക്ക് മറിയുകയായിരുന്നു. ആരോമലിന്റെ ഇടത്തെ കയ്യില്‍ മുട്ടുമുതല്‍ കൈപ്പത്തി വരെ ഭാഗത്ത് മാംസത്തിലൂടെ നാല് വലിയ വാര്‍ക്കക്കമ്പികള്‍ തുളഞ്ഞു കയറി. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് കയ്യുടെ പുറമെയുള്ള കമ്പികള്‍ മുറിച്ചു വേര്‍പെടുത്തിയത്. ചെറിയ തോതില്‍ മഴ ഉണ്ടായിരുന്നതിനാലാകാം ബൈക്ക് മറിഞ്ഞതെന്നാണ് കരുതുന്നത്.
10.45ഓടെ ലേക്ഷോര്‍ ആശുപത്രിയിലെത്തിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മൂന്നരമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നാല് കമ്പികളും വിജയകരമായി നീക്കം ചെയ്തു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോ. സാക്കിര്‍ മോമിന്റെ നേതൃത്വത്തിലുള്ള ടീം ആണ് അപൂര്‍വ്വവും ശ്രമകരവുമായ ശസ്ത്രക്രിയയ്ക്ക് നടത്തിയത്. രോഗിയുടെ നില നിലവില്‍ തൃപ്തികരമാണെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മുറിയിലേക്ക് മാറ്റുമെന്നും ഡോ. സാക്കിര്‍ മോമിന്‍ പറഞ്ഞു.