തൃശൂര്‍ - ജീവിച്ചിരിക്കുന്ന ഇടവകക്കാര്‍ക്ക് കൂട്ടമരണക്കൂര്‍ബാന നടത്തിയ പള്ളി വികാരിക്ക് മറുപടിയുമായി ഇടവകക്കാരുടെ വേറിട്ട സമരം. പെന്തക്കൂസ്താ നാളിലാണ് പൂമല ചെറുപുഷ്പ ദേവാലയത്തില്‍ വികാരി ഫാ. ജോയ്‌സണ്‍ കോരോത്ത് മരണക്കുര്‍ബാന ചൊല്ലിയത്. മറുപടിയായി ഇടവകക്കാര്‍ ഇന്നലെ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ നടത്തി.
പുതിയ പള്ളി നിര്‍മ്മിച്ചതിന്റെ കണക്കുകള്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിര്‍പ്പുകളുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികള്‍ സമരം നടത്തിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തില്‍നിന്നു വിശ്വാസികള്‍ പിന്മാറിയതെങ്കിലും പിന്നീട് നടപടികള്‍ ഉണ്ടായില്ല. ഒരു പള്ളിവികാരിക്ക് ചേരുന്ന വിധത്തിലല്ല വികാരിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നും വിശ്വാസികള്‍ ആരോപിക്കുന്നുണ്ട്.
ജീവിച്ചിരിക്കുന്ന തങ്ങള്‍ക്ക് മരണ കുര്‍ബാന ചൊല്ലിയ വികാരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് വിശ്വാസികള്‍. വേദോപദേശ ക്ലാസ്സില്‍ പഠിക്കാന്‍ ചെന്ന കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കാനും നീക്കമുണ്ട്. മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടത്തിയാണ് വിശ്വാസികള്‍ തങ്ങളുടെ ഏഴാം ചരമദിന ചടങ്ങുകള്‍ നടത്തിയത്.
സിബി പതിയില്‍, ജിജോ കുര്യന്‍, പി.കെ ലാളി, പ്രകാശ് ജോണ്‍,ജോണ്‍സണ്‍ പുളിയന്‍മാക്കല്‍, ഷാജി വട്ടുകുളം, റോയി മാടപ്പിള്ളി, ജോസ് വെട്ടിക്കൊമ്പില്‍, സാജന്‍ ആരിവേലിക്കല്‍, ജോസ് പുല്‍ക്കൂട്ടിശ്ശേരി, പി.ജെ കുര്യന്‍, പ്രസാദ് പി.ജെ, ജിബി ജോസഫ്, പി.ജെ ആന്റണി സിജോ കുറ്റിയാനി, ജോര്‍ജ് ചിറമാലിയില്‍, കെ.ജെ ജെറി, സിബി സെബാസ്റ്റ്യന്‍, റോയ്, ജോജോ കുര്യന്‍ ,അനൂപ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.