പത്തനംതിട്ട- മൂന്നു മാസം മുമ്പ് വെച്ചൂച്ചിറയില്‍ നിന്ന് കാണാതായ ജെസ്‌നയെ കുറിച്ച് ഒരു വിവരവും ലഭിക്കാതെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനിടെ പ്രതീക്ഷയായി പുതിയ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാണാതായ മാര്‍ച്ച് 22-നു രാവിലെ 11.44-ന് മുണ്ടക്കയം ബസ്റ്റാന്‍ഡിനടുത്ത ഒരു കടയുടെ മുന്നിലൂടെ ജെസ്‌നയും തൊട്ടുപിറകെ ആണ്‍സുഹൃത്തും കടന്നു പോകുന്ന ദൃശ്യമാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. ജസ്‌ന നടന്നു പോയി ആറു മിനിറ്റിനു ശേഷമാണ സുഹൃത്ത് പിറകെ പോകുന്നത്. ദൃശ്യത്തിലുള്ളത് ജെസ്‌ന തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. ആണ്‍ സുഹൃത്തിനെയും ജെസ്‌നയുടെ സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വീട്ടില്‍ നിന്നും മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ജസനയെ പിന്നീട് കാണാതാകുകയായിരുന്നു. ഇതേ ദിവസം രാവിലെ 10.30-ന് ജെസ്‌നയെ ബസില്‍ ഇരിക്കുന്നതായി ചിലര്‍ കണ്ടിരുന്നു. ഇതിനു തെളിവായി സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. എരുമേലിയില്‍ കണ്ടവര്‍ മൊഴി നല്‍കിയത് ജെസ്്‌ന ചുരിദാറാണ് ധരിച്ചിരുന്നത് എന്നാണ്. മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്‌നയുടെ വേഷം ജീന്‍സും ടോപ്പുമാണ്. കയ്യിലൊരു ബാഗും തോളില്‍ മറ്റൊരു ചെറിയ ബാഗും ഉണ്ടായിരുന്നു. ഒരേ ദിവസം തന്നെ രണ്ടു വേഷങ്ങളിലാണ് ജെസ്‌നയെ കണ്ടതെന്ന് ഇതോടെ വ്യക്തമായി. ജെസ്‌ന വേഷം മാറിയ ഇടം കണ്ടെത്തിയാല്‍ തുമ്പ് ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ആണ്‍ സുഹൃത്തിനെ വീഡിയോ ദൃശ്യത്തില്‍ കണ്ടെങ്കിലും ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ഇത് പോലീസിനെ കുഴക്കുന്നുണ്ട്. എങ്കിലും പുതിയ വീഡിയോ ദൃശ്യം അന്വേഷത്തില്‍ നിര്‍ണായ തുമ്പാകുമെന്നാണ് പ്രതീക്ഷ.