തിരുവനന്തപുരം- വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ ആരംഭിക്കുന്ന ലോക കേരള സഭാ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ള അത്താഴവിരുന്നിന് ആളെ കിട്ടാനില്ല. ലക്ഷങ്ങളുടെ പാസ് ഏര്‍പ്പെടുത്തിയ നടപടി വിവാദമായത് സംഘാടകര്‍ക്ക് കനത്ത തിരിച്ചടിയായി. സംഘാടകര്‍ വാഗ്ദാനം ചെയ്ത ഗോള്‍ഡ്, സില്‍വര്‍ കാര്‍ഡുകള്‍ ഇതുവരെ ആരും വാങ്ങിയില്ല. 2,80,000 ഡോളര്‍ ആണ് പരിപാടിക്കായി സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ കിട്ടിയത്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമണ്ട് കാര്‍ഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്‌പോണ്‍സര്‍മാര്‍ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. വിവാദം സ്‌പോണ്‍സര്‍മാരെ പിന്തിരിപ്പിച്ചുവെന്നാണ് ഇത് കാണിക്കുന്നത്.
മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം ജോസ് കെ.മാണിയും ജോണ്‍ ബ്രിട്ടാസും കൂടി സംഘത്തില്‍ ഉണ്ടായേക്കും. ഇവര്‍ സ്വന്തമായി ചെലവ് വഹിക്കുമെന്നാണ് സൂചന. ലോക കേരള സഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ വന്‍തുക പിരിക്കുന്നതിനെ നോര്‍ക്ക ന്യായീകരിച്ചിരുന്നു. ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് സ്‌പോണ്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ന്യായീകരിച്ചത്. ഈമാസം ഒമ്പത് മുതല്‍ 11 വരെയാണ് സമ്മേളനം.
ഇതിനിടെ ലോക കേരള സഭാ മേഖലാ സമ്മേളനത്തിന്റെ രണ്ടാം ദിവസം കേരളത്തെ സംബന്ധിച്ചും പ്രവാസികളെ സംബന്ധിച്ചുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സഭ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായി. നോര്‍ക്കാ റെസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന 'അമേരിക്കന്‍ മേഖലയില്‍ ലോക കേരള സഭയുടെയും നോര്‍ക്കയുടെയും പ്രവര്‍ത്തനങ്ങള്‍, വിപുലികരണ സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയം സഭ ചര്‍ച്ച ചെയ്യും.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം 'നവ കേരളം എങ്ങോട്ട് അമേരിക്കന്‍ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കും. 'മലയാള ഭാഷസംസ്‌കാരം പുതുതലമുറ അമേരിക്കന്‍ മലയാളികളും സാംസ്‌കാരിക പ്രചരണ സാധ്യതകളും' എന്ന വിഷയം ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി.പി. ജോയി അവതരിപ്പിക്കും. ലോക കേരള സഭാ ഡയറക്ടര്‍ ഡോ. കെ. വാസുകി 'മലയാളികളുടെ അമേരിക്കന്‍ കുടിയേറ്റം ഭാവിയും വെല്ലുവിളികളും' എന്ന വിഷയം അവതരിപ്പിക്കും. ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും.
ഇതിനിടെ മുഖ്യമന്ത്രിയുടെ യാത്രയെ കുറിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ യുഎസ്, ക്യൂബ എംബസികള്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിക്കും കോപ്പി ഉള്ളത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. സ്വിസ് സന്ദര്‍ശനം ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. പിന്നെ എന്തിനു കോപ്പി എന്നത് വ്യക്തമല്ല.