തിരുവനന്തപുരം- ശനിയാഴ്ച അധ്യയന ദിവസമാക്കാനുള്ള തീരുമാനം നടപ്പാക്കി കഴിഞ്ഞെന്നും തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അധ്യാപക സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിലുറച്ച് മുന്നോട്ട് പോകും. ആദ്യ ശനിയാഴ്ച ക്ലാസ് നടന്നുകഴിഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സന്തോഷം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നതിനെതിരെ കെ.എസ്.ടി.എ അടക്കമുള്ള അധ്യാപക സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ശനിയാഴ്ചയിലെ അവധി അധ്യാപകര്‍ക്ക് അടുത്ത ഒരാഴ്ചത്തേയ്ക്കുള്ള പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാനും കുട്ടികള്‍ക്ക് ഒരാഴ്ച പഠിപ്പിച്ച പാഠങ്ങള്‍ പഠിക്കാനുമാണ്. വിദ്യാഭ്യാസ കലണ്ടര്‍ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് ഭേദഗതി വരുത്തണം. പ്രൈമറിയില്‍ 800 ഉം സെക്കന്‍ഡറിയില്‍ ആയിരവും ഹയര്‍ സെക്കന്‍ഡറിയില്‍ 1200 ഉം മണിക്കൂറാണ് അധ്യയന വര്‍ഷമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍ മാത്രം പ്രതിദിനം അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ 200 പ്രവൃത്തിദിനങ്ങള്‍ നിലവിലുണ്ട്. അതിനാല്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കേണ്ട സാഹചര്യമില്ലെന്നാണ് കെ.എസ്.ടി.എ അടക്കമുള്ള അധ്യാപക സംഘടനകളുടെ നിലപാട്.