Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് എ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ എം.കെ. രാഘവന്റെ നീക്കം

കോഴിക്കോട്- ജില്ലയിലെ എ ഗ്രൂപ്പിന്റെ സാരഥ്യമേറ്റെടുക്കാന്‍ എം.കെ. രാഘവന്‍ ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ എ വിഭാഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടിയില്ല എന്ന പരാതി രാഘവനാണ് ഉന്നയിച്ചത്.
ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ഭൂരിഭാഗവും പുതിയ തലമുറക്കാരാണ്. കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ്, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസ്, കെ. ജയന്ത് എന്നിവരാണ് ബ്ലോക്ക് പുനഃസംഘടനയിലും സ്വാധീനം ചെലുത്തിയത്. അതുകൊണ്ടു തന്നെ കെ. മുരളീധരനും എം.കെ. രാഘവനും നിര്‍ദേശിച്ച പലരും പട്ടികയില്‍നിന്ന് പുറത്തായി. മധുകൃഷ്ണന്‍ പേരാമ്പ്ര മാത്രമാണ് നിലവിലുള്ള ബ്ലോക്ക് പ്രസിഡന്റ് തുടരുന്നത്. രണ്ടു വര്‍ഷം പൂര്‍ത്തിയായ എല്ലാവരെയും മാറ്റിയപ്പോള്‍ രണ്ടു വര്‍ഷം ആയില്ലെന്നതാണ് മധുവിന് തുണയായത്.
ബ്ലോക്ക് പുനഃസംഘടനയില്‍ വലിയ പരുക്ക് പറ്റിയത് എ വിഭാഗത്തിനാണ്. ഉമ്മന്‍ചാണ്ടിയോടൊപ്പമുള്ളവരുടെ പ്രാതിനിധ്യം ഇപ്പോള്‍ ഒമ്പത് മാത്രമാണ്. എ വിഭാഗത്തിന്റെ ഈ വികാരമാണിപ്പോള്‍ എം.കെ. രാഘവന്‍ പരസ്യമായി പ്രകടിപ്പിച്ചത്. നേരത്തെ എ വിഭാഗക്കാരനായ എം.കെ. രാഘവന്‍ ഇടക്കാലത്ത് ഗ്രൂപ്പുകള്‍ക്കെതിരെ നീങ്ങുകയും സ്വന്തം ഗ്രൂപ്പിന് ശ്രമിക്കുകയും ചെയ്തിരുന്നു. അത് വിജയം കാണുന്നില്ലെന്ന് വന്നപ്പോഴാണ് എ യുടെ വക്താവായി രംഗത്തു വന്നത്.
ഐ വിഭാഗത്തിന്റെ കൈയിലായിരുന്ന ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഇപ്പോഴുള്ളത് മുരളീധര പക്ഷക്കാരനായ കെ. പ്രവീണ്‍കുമാറാണ്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജയന്തും നിയാസും നേരത്തെ ഐ ക്കാരായിരുന്നെങ്കിലും ഇപ്പോള്‍ കെ.സി. വേണുഗോപാലിന്റെയും കെ. സുധാകരന്റെയുമെല്ലാം ഗ്രൂപ്പുകാരായി മാറി. ഐ ഗ്രൂപ്പുകാരനായ എം. വീരാന്‍കുട്ടിയില്‍ നിന്ന് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം എ പക്ഷക്കാരനായ കെ.സി. അബു പിടിച്ചു. തുടര്‍ന്ന് എ വിഭാഗക്കാരനായിരുന്ന സിദ്ദീഖ് ഡി.സി.സി പ്രസിഡന്റായി. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായും കല്‍പറ്റ എം.എല്‍.എ.യുമൊക്കെയായി സിദ്ദീഖ് മാറിയത് എ ഗ്രൂപ്പിന്റെ പിന്തുണയോടെയല്ല.
എ.കെ. ആന്റണിയുടെ പിന്തുണയോടെയാണ് എം.കെ. രാഘവന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ലയുടെ ചുമതലക്കാരനും പിന്നീട് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയും ആയത്. വിജയപ്രതീക്ഷ തീരെയില്ലാത്ത മണ്ഡലമായ കോഴിക്കോട് നേരിയ ഭൂരിപക്ഷത്തിനായാലും പിടിച്ച എം.കെ. രാഘവന് യു.പി.എ ഭരണകാലത്ത് വികസന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ജനകീയന്‍ എന്ന പേര് നേടിയ എം.കെ. രാഘവനെ തോല്‍പിക്കാന്‍ 2014ല്‍ എ. വിജയരാഘവനെയും 2019ല്‍ എ. പ്രദീപ് കുമാറിനെയും ഇറക്കിയെങ്കിലും രാഘവനായിരുന്നു ജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിക്കുന്ന ഇടതുമുന്നണിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി കാലിടറി.
മൂന്നു ടേമില്‍ തുടര്‍ച്ചയായി ജയിച്ച എം.കെ. രാഘവന് 2024 ലും സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനാണ് എം.കെ. രാഘവന്റെ നീക്കം. ഇവിടെ മറ്റാരെ സ്ഥാനാര്‍ഥിയാക്കിയാലും ജയിക്കില്ലെന്നതാണ് രാഘവന് അനുകൂലമായ മുഖ്യഘടകം. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് യു.ഡി.എഫിന് 2021 ല്‍ ജയിക്കാനായത്. 2009ല്‍ 838 വോട്ടിനാണ് പി.എ. മുഹമ്മദ് റിയാസിനെ എം.കെ. രാഘവന്‍ തോല്‍പിച്ചത്. വിജയപ്രതീക്ഷയില്ലെന്നതു കൊണ്ടു കോഴിക്കോടിന് വേണ്ടി കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ രംഗത്തുണ്ടായിരുന്നില്ലെന്നത് രാഘവന് അനുഗ്രഹമായി. 2014ല്‍ 16,883 വോട്ടിനും 2019ല്‍ 85,225 വോട്ടിനും രാഘവന്‍ വിജയം ആവര്‍ത്തിച്ചു.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിനെ മത്സരിപ്പിക്കാനും അദ്ദേഹത്തിന് വോട്ട് ശേഖരിക്കാനും മുന്നില്‍നിന്ന എം.കെ. രാഘവന്‍ മലബാറില്‍ ശശി തരൂരിന്റെ പര്യടനം സംഘടിപ്പിച്ച് നേതൃത്വത്തിന് തലവേദന ഉണ്ടാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പിന്റെ വക്താവായി രാഘവന്‍ മാറുന്നത്.
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും വലിയ പൊട്ടലിലേക്കും ചീറ്റലിലേക്കും ബ്ലോക്ക് പ്രസിഡന്റ് പുനഃസംഘടന പോകില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ജില്ലാതല പുനഃസംഘടനാ സമിതി 52 പേരുടെ പട്ടികയാണ് നല്‍കിയിരുന്നത്. ഇതില്‍നിന്നാണ് 26 പേരെ കണ്ടെത്തിയത്.

 

Latest News