ബളാന്തോട് (കാസര്‍കോട്)- പനത്തടി ബളാന്തോട് നാല് സെന്റ് കോളനിയില്‍ കഴിയുന്ന മുഹമ്മദ് അഫ്‌സല്‍ (17) എഴുന്നേറ്റ് വന്നത് ആശുപത്രിയിലെ മരണക്കിടക്കയില്‍നിന്നാണ്. ഏറ്റവും അപകടകാരികളായ മലന്തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പരിക്കേറ്റാണ് അഫ്‌സല്‍ ഒരാഴ്ചയോളം മംഗളൂരുവിലെ കെ.എം.സി ആശുപത്രിയില്‍ കഴിഞ്ഞത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ 104 കുത്തുകള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഡോക്ടര്‍മാരെല്ലാം കൈവിട്ടു. കടന്നാല്‍ കുത്തേറ്റാല്‍ എടുക്കേണ്ട വാക്‌സിനും എവിടെയും ഇല്ലായിരുന്നു.
ആശുപത്രിയില്‍ ബോധരഹിതനായി കഴിഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുന്ന അഫ്‌സലിന് ഓര്‍മ്മയില്ല. രക്തം ഛര്‍ദിച്ചും ശ്വാസതടസം നേരിട്ടും ഓരോ ദിവസവും ഗുരുതര നിലയിലായി ഐ.സി.യുവില്‍ കഴിയുമ്പോള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടാന്‍ സാദ്ധ്യത ഇല്ലെന്ന് കണ്ട് ബന്ധുക്കളെയെല്ലാം വിവരം അറിയിക്കാന്‍ ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. ഗള്‍ഫില്‍ ആയിരുന്ന പിതാവ് അബ്ദുല്‍ ഗഫൂറും നാട്ടിലെത്തി. ഉമ്മ ഹസീന പ്രാര്‍ഥിച്ചു നിലവിളിയായിരുന്നു.
അഞ്ചാം നാള്‍ വെള്ളിയാഴ്ച പ്രാര്‍ഥന ദൈവം കേട്ടത് പോലെ പെട്ടെന്നൊരു മാറ്റം സംഭവിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ മെയ് 11 ന് സുഹൃത്തിന്റെ കൂടെ ബൈക്കില്‍ വരികയായിരുന്ന അഫ്‌സലിന് പാണത്തൂര്‍ റോഡിലെ ചിറങ്കടവ് വെച്ചാണ് മലന്തേനീച്ചയുടെ കുത്തേറ്റത്. സുഹൃത്ത് മാങ്ങ പറിക്കാന്‍ കല്ലെറിഞ്ഞതാണ്. ഏറുകൊണ്ടത് മലന്തേനീച്ചയുടെ കൂട്ടിലും. കൂട്ടത്തോടെ ഇളകിയ കടന്നലിന്റെ കുത്തേറ്റ് അടുത്തുള്ള ക്വാറിയിലേക്ക് ഓടി ചെളിയില്‍ വീണുരുണ്ടു. പാണത്തൂര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഒരു മണിക്കൂര്‍ വൈകി. ശ്വാസം തീരെ കിട്ടാതായതോടെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് മംഗളുരുവിലേക്കും മാറ്റുകയായിരുന്നു. തൃക്കരിപ്പൂരിലെ മുജമ്മലില്‍ താമസിച്ച് ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ചാണ് അഫ്‌സല്‍ പ്ലസ്ടു പാസായത്.
മലന്തേനീച്ച അപകടകാരി വാക്‌സിന്‍ എങ്ങുമില്ല
അഞ്ച് ഇനങ്ങളില്‍ ഏറ്റവും അപകടകാരികളാണ് മലന്തേനീച്ചകള്‍. തേന്‍ ലഭിക്കാന്‍പോലും ഇവയെ വളര്‍ത്താറില്ല. ശരീരത്തില്‍ കുത്തുമ്പോള്‍ ഇവയുടെ വിഷസഞ്ചിയും വയറിന്റെ ഒരു ഭാഗവും കൊമ്പിന്റെ കൂടെ കയറും. മുള്ളുകള്‍ വലിച്ചൂരി എടുക്കാന്‍ കഴിയില്ല. നന്നായി വേദനിക്കും. വിഷത്തോടെ അലര്‍ജിയുള്ളവര്‍ക്ക് 'അനാഫിലാക്സിസ്' ഉണ്ടാകും. തലകറക്കം, ബോധക്ഷയം, ശ്വാസതടസം, ചുമ, രക്തസമ്മര്‍ദ്ദം എന്നിവയാണ് ലക്ഷണങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ മരണവും സംഭവിക്കും. കടന്നല്‍ കുത്തേറ്റാലെടുക്കുന്ന വാക്‌സിന്‍ മലയോരത്ത് എവിടെയും ഇല്ലെന്നതാണ് അതിലേറെ കഷ്ടം. ചികിത്സ ലഭ്യമാക്കാനും സംവിധാനമില്ല.
പട്ടയം കിട്ടാത്ത ഷെഡില്‍ 17 വര്‍ഷം
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിന്റെ സങ്കടത്തില്‍ കഴിയുന്നതിനാല്‍ കടന്നല്‍ കുത്തേറ്റ് ജീവന്‍ തിരിച്ചു കിട്ടിയ അഫ്‌സലിന് സന്തോഷം വരുന്നില്ല. കോളനിയിലെ കുടിലിനുള്ളിലാണ് അഫ്‌സലും രണ്ടു സഹോദരിമാരും ഉമ്മ ഹസീനയും താമസിക്കുന്നത്. കുന്നിന്റെ ചെരുവില്‍ മണ്‍കട്ട കൊണ്ട് കെട്ടി ഷീറ്റ് മറച്ച കുടിലില്‍ കഴിയുന്ന ഇവര്‍ 17 വര്‍ഷമായി നാല് സെന്റ് ഭൂമിക്ക് പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു. അധികൃതര്‍ ഇതുവരെ കനിഞ്ഞിട്ടില്ല. കാറ്റും മഴയും തുടങ്ങിയതോടെ എങ്ങനെ ഇതിനകത്ത് കഴിയുമെന്നോര്‍ത്ത് വീണ്ടും ആധിയായി. കുത്തേറ്റ ശരീരത്തില്‍ പൊടി പറ്റാതിരിക്കാന്‍ അടുത്ത ബന്ധു വീട്ടിലാണ് അഫ്‌സല്‍ കഴിയുന്നത്.