തിരുവനന്തപുരം - സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തിങ്കളാഴ്ച മുതൽ എ.ഐ ക്യാമറ കണക്കുപറഞ്ഞ് പിഴ ഈടാക്കും.
കുറ്റകൃത്യങ്ങൾ കണ്ടെത്തി പിഴ ഈടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളാണ് ഇന്ന് അർധരാത്രി മുതൽ പ്രവർത്തനം ആരംഭിക്കുക.
സംസ്ഥാനത്ത് നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയെന്നതാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. ഒപ്പം അപകടങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ ജനങ്ങളുടെ സുരക്ഷയും പരമപ്രധാനമായി മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമാക്കുന്നു.
ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ നിയമം ലംഘിച്ചാൽ ഓരോ നിയമലംഘനത്തിനും പ്രത്യേകം പ്രത്യേകം പിഴ ഈടാക്കും. ദേശീയ പാതയിൽ സ്പീഡ് ക്യാമറകൾ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ക്യാമറ കാണുന്നപക്ഷം വേഗത കുറച്ച് പിന്നീട് സ്പീഡ് കൂട്ടിയാലും പിടിക്കപ്പെടും. ഓരോ ക്യാമറയിലും വാഹനം കടന്നുപോകുന്ന സമയം കണക്കിലെടുക്കും. അനുവദനീയമായതിൽ കൂടുതൽ വേഗമെടുത്താലും പിഴ ചുമത്തും.
ശ്രദ്ധിക്കേണ്ടത്:
റോഡിന്റെ മധ്യഭാഗത്ത് തുടർച്ചയായുള്ള വെള്ള, മഞ്ഞ വരകൾ മുറിച്ചുകടക്കരുത്.
ഇരട്ട മഞ്ഞവരകൾ ഡിവൈഡറായി പരിഗണിക്കണം.
ഇടവിട്ട വെള്ള വരകളുള്ളിടത്ത് ഓവർടേക്ക് ചെയ്യാം.
ഇടതുവശത്തെ മഞ്ഞവരയുള്ളിടത്ത് ഇടതുവശത്ത് പാർക്കിങ് പാടില്ല.
പാർക്കിങ് അനുവദിച്ച സ്ഥലങ്ങളിൽ മാത്രമേ പാടുള്ളൂ.
നോ പാർക്കിങ് ബോർഡില്ലെന്നു കരുതി എല്ലായിടത്തും പാർക്കിങ് അനുവദനീയമല്ല.
വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്തില്ലെങ്കിലും റോഡിൽ നിർത്തിയാൽ പാർക്കിങ്ങായി പരിഗണിക്കും.
വളവുകൾ, കയറ്റം, ഇറക്കം, ഇടുങ്ങിയ റോഡ്, പാലങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ് പാടില്ല.
റോഡിൽ തിരക്കില്ലെങ്കിലും മറ്റുവാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്ന വിധത്തിൽ വാഹനം നിർത്തരുത്.
അനുവദനീയമായ വേഗം:
സ്കൂൾമേഖല 30 കി.മീ.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങൾ 50 കി.മീ.
കാറുകൾ
സംസ്ഥാനപാത 80 കി.മീ, ദേശീയപാത 85 കി.മീ., ദേശീയപാത നാലുവരി 90 കി.മീ.
ഇരുചക്രവാഹനങ്ങൾ
സംസ്ഥാനപാത 50 കി.മീ, ദേശീയപാത 60 കി.മീ, നാലുവരി 70 കി.മീ.
ബസ്, ലോറി 60 കി.മീ.
പിഴ ഇങ്ങനെ:
ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോ പാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക 250 രൂപ.
തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ 250 രൂപ
സീറ്റ്ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ 500 രൂപ, വീണ്ടും ലംഘിച്ചാൽ ആയിരം രൂപ.
അമിതവേഗം (കാർ) 1500
ഇരുചക്രവാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക 2000 രൂപ
ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ആദ്യപിഴ 2000, തുടർന്ന് 4000.
അപകടകരമായ ഓവർടേക്കിങ് ആദ്യപിഴ 2000, ആവർത്തിച്ചാൽ കോടതിയിലേക്ക്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം 2000 രൂപ
മൂന്നുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ 5000 (ബ്ലൂടൂത്ത് ഹെഡ് സെറ്റ്, ഇയർപോഡ്, നിയമവിരുദ്ധം)
മഞ്ഞവര മുറിച്ചുകടന്നാൽ (അപടകരമായ ഡ്രൈവിങ്) 2000 രൂപ
ലെയ്ൻ ട്രാഫിക് ലംഘനം 2000 രൂപ
നിയമംലംഘിച്ച് മറികടക്കൽ 2000 രൂപ.