Sorry, you need to enable JavaScript to visit this website.

മറുനാടൻ മലയാളി ഉടൻ പൂട്ടിയേക്കും, സഹായം നൽകണമെന്ന് ഉടമയുടെ വിലാപം

തിരുവനന്തപുരം- മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമം ഉടൻ പൂട്ടിയേക്കുമെന്ന് ഷാജൻ സ്‌കറിയ. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മറുനാടൻ നേരിടുന്നതെന്നും സ്ഥാപനത്തിന്റെ മേധാവി ഷാജൻ സ്‌കറിയ പറഞ്ഞു. പി.വി അൻവർ എം.എൽ.എയാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും ഷാജൻ സ്‌കറിയ പറഞ്ഞു. പിണറായിയുടെ അടിമകളായ പിണറായിസ്റ്റുകളും ഇസ്ലാമിസ്റ്റുകൾ എന്ന ദേശവിരുദ്ധരും കളങ്കിതരായ വ്യവസായികളുമാണ് ഇതിന് പിന്നിലെന്നും ഷാജൻ ആരോപിച്ചു. പൊതുജനങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ മറുനാടൻ പൂട്ടിയേക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും തന്നെ തല്ലിയാൽ സോഷ്യൽ മീഡിയയിൽ വീരപരിവേഷം ലഭിക്കും. എന്ത് സംഭവിച്ചാലും തല്ലും കൊല്ലുമെന്നും ഭീഷണിയുണ്ട്. മര്യാദക്ക് ജീവിക്കുന്ന ആരെയും താൻ ഉപദ്രവിച്ചിട്ടില്ല. തന്നെ തല്ലാനുള്ള ആഹ്വാനമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്‌റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നൽകിയിരിക്കുകയാണ്. കോടതിയിലും പോലീസ് സ്‌റ്റേഷനിലും കേസ് നൽകി ബുദ്ധിമുട്ടിക്കുകയാണ്. കേസ് നൽകുന്നവർക്ക് ഫണ്ട് നൽകാൻ ചില അദൃശ്യ ശക്തികൾ പ്രവേശിക്കുന്നുണ്ടെന്നും ഷാജൻ സ്‌കറിയ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വഴിയും മറുനാടനെ പൂട്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഷാജൻ ആരോപിച്ചു. 

അതേസമയം, കഴിഞ്ഞ കുറെ ദിവസങ്ങളായി മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമവും പി.വി അൻവർ എം.എൽ.എയും തമ്മിലുള്ള വാക്‌പോര് നടക്കുകയാണ്. മറുനാടൻ മലയാളിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അൻവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പോര് നടക്കുന്നതിനിടെ മറുനാടൻ മലയാളിയുടെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടി. വർഗീയ പ്രചാരണം നടത്തിയതിന്റെ പേരിലാണ് പേജ് പൂട്ടിയത്. പേജ് നഷ്ടപ്പെട്ടതോടെ നേരത്തെ വാവ സുരേഷിന് വേണ്ടി പ്രവർത്തിച്ചിരുന്ന പേജ് മറുനാടൻ മലയാളി എന്ന പേരിലേക്ക് മാറ്റിയാണ് പ്രവർത്തനം നടത്തുന്നത്. 
അതേസമയം, മറുനാടന്റെ പേജല്ല, പട്ടത്തെ ഓഫീസാണ് താൻ പൂട്ടിക്കുക എന്ന് പി.വി അൻവർ വീണ്ടും വ്യക്തമാക്കി. 
മറുനാടൻ മലയാളിക്ക് ചില കോൺഗ്രസ് നേതാക്കൾ പിന്തുണ നൽകുന്നതിന് എതിരെയും അൻവർ രംഗത്തെത്തി. 
അൻവറിന്റെ വാക്കുകൾ:
മറുനാടൻ ഓഫീസിൽ നിന്ന് കിട്ടിയ വിവരങ്ങളാണ്..
പേജ് താൽക്കാലികമായി പൂട്ടി കെട്ടിയിട്ടുണ്ട് എന്നാണറിവ്.കുഴപ്പമില്ല.ശ്രമിച്ചാൽ തിരിച്ച് വരാവുന്നതേയുള്ളൂ.നീ തിരിച്ച് വരണം. 
ഞാൻ പറഞ്ഞത് നിന്റെ പട്ടത്തെ ഓഫീസ് പൂട്ടിക്കുമെന്നാണ്.ഇതിപ്പോ ചാനലിന്റെ ഫേസ്ബുക്ക് പേജ് അടക്കം അടപടലം പൂട്ടിയ മട്ടാണ്.ഡേറ്റ് ചോദിച്ച് അഞ്ച് വീഡിയോ ഇട്ട നീ ഒരു വീഡിയോ പേജിൽ പോസ്റ്റ് ചെയ്തിട്ട് പത്ത് പതിനഞ്ച് മണുക്കൂറായി.എന്തേ,നിന്റെ നുണഫാക്ടറി പൂട്ടിയോ!?
 തന്റെ 'വർഗ്ഗീയവാദം പറയൽ' ജനങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയപ്പോൾ എഡിറ്റർ ഷാജൻ സ്‌കറിയ കുത്തിയിരുന്ന് അതിനെ കവർ ചെയ്യാനുള്ള പണികൾ തുടങ്ങിയിട്ടുണ്ട്.അതിന്റെ ഭാഗമായി അറിയുന്ന കോൺഗ്രസ് നേതാക്കളെ എല്ലാം വിളിച്ച് 'തനിക്ക് ഐക്യദാർഢ്യം' പ്രഖ്യാപിക്കുന്ന പോസ്റ്റുകൾ ഇടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.അതിൽ രണ്ട് മൂന്ന് ഊളകൾ തലവച്ചിട്ടുണ്ട്.
ഓരോ വിവരങ്ങളും കൃത്യമായി തരുന്നത് നിന്റെ വർഗീയവാദം സഹിക്കാൻ പറ്റാത്ത നിന്റെ ഓഫീസിലുള്ള നല്ലവരായ സുഹൃത്തുക്കൾ തന്നെയാടോ. ഡയറക്ടറുടെ പേരിലുള്ള ഫോൺ ബില്ല് നീ സ്വന്തമായി ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി ആ വഴി തന്നെ അറിഞ്ഞത് കൊണ്ടാടേ വിവരാവകാശത്തിനു പോയത്. യൂദാസിനെയും പണിയാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും. ഇനി ആരെയും പറഞ്ഞ് വിടണ്ട.

Latest News