ന്യൂയോര്‍ക്ക്- അമേരിക്കയില്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 70 വയസ്സായ ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ജോര്‍ജിയയിലെ കാര്‍ട്ടേഴ്‌സ്‌വില്ലെയില്‍ മോട്ടല്‍ നടത്തുന്ന ശ്രീഷ് തിവാരിയാണ് ഹൗസ് ക്ലീനറായി ജോലിക്ക് നിയമിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. ജോലിക്കെത്തുന്നതിനുമുമ്പ് മയക്കുമരുന്നിന് അടിമയായിരുന്ന യുവതിക്ക് വീടില്ലാതാകുകയും സ്വന്തം കുഞ്ഞിന്റെ സംരക്ഷണം നഷ്ടമാകുകയും ചെയ്തിരുന്നു. ഈ അവസ്ഥ മുതലെടുത്താണ് യു.എസില്‍ സ്ഥിര താമസമാക്കിയ ശ്രീഷ് തിവാരി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തത്.
നല്ല ശമ്പളത്തിനും അപ്പാര്‍ട്ട്‌മെന്റിനും പുറമെ, പിഞ്ചു കുഞ്ഞിന്റെ സംരക്ഷണം വീണ്ടെടുക്കാന്‍ അഭിഭാഷകനെ ഏര്‍പ്പെടുത്താമെന്നും തിവാരി യുവതിക്ക് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് കോടതി രേഖകള്‍ ഉദ്ധരിച്ച് നീതിന്യായ വകുപ്പ് പറഞ്ഞു.
എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുപകരം, തിവാരി മോട്ടലിലെത്തുന്ന അതിഥികളുമായും ജീവനക്കാരുമായും യുവതിയുടെ ആശയവിനിമയം നിരീക്ഷിക്കുകയും അവരോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. ഇരയോട് തിവാരി നിരവധി ലൈംഗികാതിക്രമങ്ങള്‍ നടത്തി. മയക്കുമരുന്ന് ഉപയോഗം, നിയമപാലകരെയോ ശിശുക്ഷേമ ഏജന്‍സികളെയോ അറിയിക്കുമെന്ന് തിവാരി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
കുറ്റക്കാരനെന്ന് സ്ഥിരീകരിച്ച തിവാരിക്ക് സെപ്റ്റംബര്‍ ആറിന് ശിക്ഷ വിധിക്കുമെന്നും പരമാവധി 20 വര്‍ഷം വരെ തടവും 2,50,000 യുഎസ് ഡോളര്‍ പിഴയും ലഭിക്കുമെന്നും കോടതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്റെ അപ്പീല്‍ കരാറിന്റെ ഭാഗമായി, നിര്‍ബന്ധിത നഷ്ടപരിഹാരമായി 40,000 ഡോളറിലധികം നല്‍കാമെന്ന് തിവാരി സമ്മതിച്ചിട്ടുണ്ട്.