മലപ്പുറം - ചെമ്മാടിലെ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തി വിദഗ്ധമായി മാല മോഷണം നടത്തിയ യുവതി അറസ്റ്റിലായി. കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശിനി സുബൈദയാണ് അറസ്റ്റിലായത്. ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് ഒന്നര പവന്റെ രണ്ട് സ്വര്‍ണ മാലകളാണ് സുബൈദ മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് ഇവരെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. യുവതിയുടെ ആവശ്യപ്രകാരം നിരവധി മാലകളുടെ മോഡലുകള്‍ ജീവനക്കാരന്‍ എടുത്തുകൊടുത്തു. വീണും മാലകള്‍ എടുക്കാന്‍ ജീവനക്കാരന്‍ മാറിയ തക്കത്തിനാണ് യുവതി സ്വര്‍ണമാല കൈക്കലാക്കിയത്. ഇത് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റുകയായിരുന്നു. സ്വര്‍ണം വാങ്ങാതെ തന്നെ യുവതി ജ്വല്ലറിയില്‍ നിന്നു മടങ്ങുകയും ചെയ്തു. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്നു വ്യക്തമായത്. തുടര്‍ന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സുബൈദയെ കണ്ടത്തിയത്.