Sorry, you need to enable JavaScript to visit this website.

പോലീസ് ക്ലിയറന്‍സിന് 500 രൂപ കൈക്കൂലി; സിവില്‍ ഓഫീസറെ കൈയോടെ വിജിലന്‍സ് പിടിച്ചു

കൊല്ലം- പോലീസ് ക്ലിയറന്‍സ് നല്‍കുന്നതിനായി 500 രൂപ കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍. കൊല്ലം എഴുകോണ്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍  ഓഫിസറയ പ്രദീപ് കൈക്കൂലി സ്വീകരിക്കുമ്പോഴാണ് പിടികൂടിയത്.
പരാതിക്കാരനായ യുവാവ് കമ്പോഡിയയില്‍ പോകുന്നതിനായി കഴിഞ്ഞ മാസം 25 നു  പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഓഫിസില്‍നിന്ന് പരാതിക്കാരന്‍ താമസിക്കുന്ന എഴുകോണ്‍ പോലിസ് സ്‌റ്റേഷനിലേക്ക് അപേക്ഷ പരിശോധനക്കായി അപേക്ഷ അയച്ചു. പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കുവാന്‍ സിനിയര്‍ സിവില്‍ പോലീസ് ഓഫിസറായ പ്രദീപിനെയാണ് ഇന്‍സ്‌പെക്ടര്‍ ഏല്‍പിച്ചത്.
മൂന്ന് ദിവസം മുന്‍പ് പരാതിക്കാരന്റെ വീട്ടിലെത്തിയ പ്രദീപ്  സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിയ പരാതിക്കാരനോട് ചില ചടങ്ങുകളൊക്കെയുണ്ടെന്നും വേണ്ട രീതിയില്‍ കണ്ടാലെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ എന്നും അറിയിച്ചു. പണം തരാതെ നടക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിവരം വിജിലന്‍സ് തെക്കന്‍ മേഖല പോലിസ് സൂപ്രണ്ട് ജയശങ്കറിനെ അറിയിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം കെണിയൊരുക്കിയ വിജിലന്‍സ് സംഘം എഴുകോണ്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ചു പരാതിക്കാരനില്‍നിന്ന് 500 രൂപ കൈക്കൂലി വങ്ങവേ പ്രദീപിനെ കൈയോടെ പിടികൂടി. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

 

Latest News