ലക്കിടി-മുസ്‌ലിം ലീഗിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവമാണെന്നും പാര്‍ട്ടിയുടെ ചരിത്രം പഠിച്ചതിനാലാണെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലക്കിടിയില്‍ കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും മതേതരത്വത്തിന്റെ പാതയില്‍ അടിയുറച്ച് നിന്ന പാര്‍ട്ടി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ലീഗിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധിയും ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒഡിഷയില്‍ നടന്ന ട്രെയിന്‍ അപകടം സാങ്കേതിക വിദ്യയുടെ പരാജയം കാരണമായുണ്ടായതാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്ലസ് വണ്‍ സീറ്റിന്റെ കാര്യത്തില്‍ മലബാറിനോട് സര്‍ക്കാര്‍ പൂര്‍ണ അവഗണനയാണ് കാണിക്കുന്നത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലാത്ത അവസ്ഥയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കാണിച്ച അവഗണന തന്നെയാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാറും മലബാറിനോട് കാണിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ വരാത്തതിന്റെ ദുരിതമാണിത്. സര്‍ക്കാര്‍ മലബാറിനോട് കാണിക്കുന്ന മോശം സമീപനം ചൂണ്ടിക്കാട്ടി പ്രക്ഷോഭം ആരംഭിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.