റിയാദ്- മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഡയറി കമ്പനിയായ അല്‍മറാഇ ഉല്‍പന്നങ്ങള്‍ക്ക് കുത്തനെ വിലകൂട്ടിയതില്‍ വ്യാപക പ്രതിഷേധം. കൗണ്‍സില്‍ ഓഫ് കോംപറ്റീഷന്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ. സുലൈമാന്‍ അല്‍സമാഹി ആവശ്യപ്പെട്ടു.
വില ഉയര്‍ത്തുന്നതിന് കമ്പനി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ പഠന വിധേയമാക്കണം. അഞ്ച് മുതല്‍ 10 ശതമാനം വരെ എന്ന തോതില്‍ 25 മുതല്‍ 50 ഹലല വരെയാണ് തിങ്കളാഴ്ച മുതല്‍ ഉല്‍പന്നങ്ങള്‍ക്ക് അല്‍മറാഇ വില കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം ഒരു ലിറ്റര്‍ പാലിന് 4.25 റിയാലിന് പകരം 4.50 റിയാലും രണ്ട് ലിറ്ററിന് 7.50 റിയാലിന് പകരം എട്ട് റിയാലും ഉപയോക്താവ് നല്‍കേണ്ടി വരും. ഇതോടെ മറ്റു ഡയറി കമ്പനികളും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും.
നേരത്തെ അരിയുടെയും ഇതര ഭക്ഷ്യവസ്തുക്കളുടെയും വില വിതരണക്കാര്‍ ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ ഉപയോക്താക്കളുടെ ക്ഷേമം മുന്‍നിര്‍ത്തി കൗണ്‍സില്‍ ഓഫ് കോംപറ്റീഷന്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിരുന്നുവെന്ന് ഡോ. സുലൈമാന്‍ അല്‍സമാഹി പറഞ്ഞു. വലിയ കമ്പനി വില കൂട്ടിയ സാഹചര്യത്തില്‍ മറ്റു കമ്പനികളും ഇതേ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് സ്വാഭാവികമാണെന്ന് മാര്‍ക്കറ്റിംഗ് വിദഗ്ധന്‍ ഡോ. ഉബൈദ് അല്‍അബ്ദലിയും സൂചിപ്പിച്ചു. ജനവികാരം ഉള്‍ക്കൊണ്ടാണ് കമ്പനികള്‍ വില്‍പന നടത്തേണ്ടത്. പത്ത് ശതമാനം വരെ വില കൂട്ടിയ സാഹചര്യത്തില്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഊര്‍ജ, ഗതാഗത, കാലിത്തീറ്റ ഇറക്കുമതി നിരക്കുകളിലും വിലകളിലുമുണ്ടായ വര്‍ധനവും തൊഴിലാളികളെ ജോലിക്കു വെക്കുന്നതിനുള്ള ചെലവുകള്‍ ഉയര്‍ന്നതുമാണ് ചില ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് നിര്‍ബന്ധിതമാക്കിയതെന്ന് അല്‍മറാഇ കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.