കൊച്ചി- കെ.എസ്.ആര്‍.ടി.സി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതിയെ ഇനിയും കസ്റ്റഡിയില്‍ വെക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം.
50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകല്‍ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധിവെച്ചു.
താന്‍ ഒമ്പത് മിനിറ്റ് മാത്രമാണ് ബസില്‍ യാത്ര ചെയ്തതെന്നും പരാതിക്കാരിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ജാമ്യഹരജിയില്‍ ബോധിപ്പിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന പരാതിക്കാരിക്ക് ഈ സംഭവത്തോടെ അത് പത്ത് ലക്ഷം പേരായി ഉയര്‍ന്നുവെന്നും ഇതിനുവേണ്ടി അത്തരമൊരു സന്ദര്‍ഭം ഉണ്ടാക്കിയെടുത്തതാണെന്നും പ്രതിഭാഗം വാദിച്ചു.
തൊട്ടടുത്തിരുന്ന പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിക്കരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്.