കൊച്ചി- കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിയുടെ അടുത്തിരുന്ന് നഗ്‌നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിനെ മാലയിട്ട് സ്വീകരിച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍. സന്ധ്യയോടെ ആലുവ സബ് ജയിലില്‍ നിന്ന് പുറത്തുവന്ന സവാദിനെ സംഘടനയുടെ പ്രസിഡണ്ടായ വട്ടിയൂര്‍ക്കാവ് അജിത്കുമാറാണ് മാലയിട്ട് സ്വീകരിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സവാദ് പ്രതികരിച്ചില്ല.
സാമൂഹ്യമാധ്യമത്തിലൂടെ വന്‍ജനക്കൂട്ടത്തെ സ്വീകരണത്തിനായി കൊണ്ടുവരാന്‍ സംഘാടകര്‍ ശ്രമിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തിച്ചേര്‍ന്നത്. മൂന്നു മണിയോടെ സവാദിനെ ജയിലില്‍ നിന്ന് വട്ടയക്കുമെന്നാണ് ഭാരവാഹികള്‍ അറിയിച്ചിരുന്നതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ മോചനം വൈകി. രാത്രി ഏഴു മണിയോടെയാണ് ഇയാള്‍ പുറത്തുവന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ നടി കള്ളപ്പരാതി നല്‍കിയതാണെന്നും നടിയ്ക്കെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അജിത്കുമാര്‍ പറഞ്ഞു. നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. ബി.എ ആളൂരാണ് ഈ കേസ് വാദിക്കുകയെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ലീഗല്‍ അഡൈ്വസറും അംബാസിഡറുമാണ് അഡ്വ. ആളൂര്‍ എന്നും അജിത് കുമാര്‍ പറഞ്ഞു.
എന്നാല്‍ നഗ്നതാ പ്രദര്‍ശനത്തിന് സവാദിനെതിരെ എടുത്ത കേസ് മാത്രമേ അന്വേഷണത്തിലുള്ളൂവെന്നും പരാതിക്കാരിയായ നടിക്കെതിരെ ഒരു ആക്ഷേപവും പോലീസിന് മുന്നിലെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.