- റഷ്യയിൽ ഏഷ്യയുടേത് മികച്ച പ്രകടനം
കസാൻ- ചാമ്പ്യന്മാരായ ജർമനിക്ക് ലോകകപ്പിൽനിന്ന് പുറത്തേക്കുള്ള വഴി തുറന്നുകൊടുത്തത് തെക്കൻ കൊറിയ. മറ്റൊരു വലിയ അട്ടിമറിക്ക് തൊട്ടടുത്തെത്തിയതാണ് ജപ്പാൻ. ഈ ലോകകപ്പ് കണ്ട ഏറ്റവും ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഇൻജുറി ടൈം ഗോളിൽ ബെൽജിയം 3-2 വിജയവുമായി ക്വാർട്ടറിലേക്ക് കടക്കുമ്പോൾ ജപ്പാന്റെ ഹൃദയം നുറുങ്ങി, പക്ഷേ തല താഴ്ന്നില്ല. തല ഉയർത്തിത്തന്നെയാണ് അവർ റഷ്യയിൽനിന്ന് നാട്ടിലേക്ക് തിരിക്കുന്നത്. സമുറായികളുടെ ആ പോരാട്ടം ഏഷ്യക്കു തന്നെ അഭിമാനമായി.
ബെൽജിയം കളിക്കാരുടെ കളിമിടുക്കും ഉയരവും പിന്നെ തങ്ങളുടെ നിർഭാഗ്യവും... മത്സരം ഒരു മണിക്കൂർ പിന്നിടുമ്പോൾ രണ്ട് ഗോളിന് മുന്നിട്ട് നിൽക്കുകയായിരുന്ന ജപ്പാൻ പിന്നീട് തോൽക്കാൻ കാരണം അതൊക്കെയായിരുന്നു. രണ്ട് ഗോളിന്റെ നിർണായക ലീഡ് നേടിയിരിക്കേ റഷ്യയിൽ മറ്റൊരു അട്ടിമറി സൃഷ്ടിച്ചുകൊണ്ട് ജപ്പാൻ ഇതാദ്യമായി ലോകകപ്പ് ക്വാർട്ടറിലേക്ക് കടക്കുമെന്ന് തോന്നിച്ചതാണ്.
'ഇത് ഫുട്‌ബോളാണ്. ചിലപ്പോൾ കയ്പുള്ള ഗുളികയും കഴിക്കേണ്ടിവരും. മത്സര ഫലം നമുക്ക് അംഗീകരിച്ചേ മതിയാവൂ' -ജപ്പാന്റെ പ്രമുഖ താരം ഷിൻജി കഗാവ പറഞ്ഞു.
'ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ ലോക ഫുട്‌ബോളിൽ നമുക്ക് മുന്നിലുള്ളത് വലിയൊരു മതിലാണെന്ന് നമ്മൾ തിരിച്ചറിഞ്ഞു.'
2002 ൽ സ്വന്തം നാട്ടിൽ ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ തെക്കൻ കൊറിയ സെമിയിലെത്തിയതാണ് ഇതുവരെ ലോകകപ്പിൽ ഏഷ്യയുടെ മികച്ച പ്രകടനം. 1966 ൽ വടക്കൻ കൊറിയ ക്വാർട്ടർ വരെ എത്തിയിട്ടുണ്ട്. ജപ്പാനാവട്ടെ ഇതുവരെ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ല.
എങ്കിലും ഈ ലോകകപ്പിൽ മൊത്തത്തിൽ ഏഷ്യയുടെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. അഞ്ച് ടീമുകളാണ് ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് റഷ്യയിലെത്തിയത്. അവർ മൊത്തം നാല് വിജയങ്ങൾ നേടി. 2014 ൽ ബ്രസീലിൽ ഒരു ജയം പോലുമില്ലാതെയാണ് ഏഷ്യൻ രാജ്യങ്ങൾ മടങ്ങിയത്.
റഷ്യയിൽ ജപ്പാന്റെ തുടക്കവും ഗംഭീരമായിരുന്നു. കൊളംബിയക്കെതിരായ വിജയം ഒരു ലാറ്റിനമേരിക്കൻ ടീമിനെതിരെ ഏഷ്യൻ രാജ്യം നേടുന്ന ആദ്യ ലോകകപ്പ് വിജയമായി. അതിനു ശേഷമാണ് സാക്ഷാൽ ജർമനിക്കെതിരെ ദക്ഷിണ കൊറിയ നേടിയ അദ്ഭുത വിജയം.
ആദ്യ മത്സരത്തിൽ മൊറോക്കോയെ തോൽപിച്ച ഇറാൻ രണ്ടാം റൗണ്ടിലേക്ക് മുന്നേറുമെന്ന് തോന്നിച്ചിരുന്നു. പോർച്ചുഗലിനെ സമനിലയിൽ തളച്ചെങ്കിലും അവർ പുറത്തു പോയി.
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ റഷ്യയോട് വൻ തോൽവി ഏറ്റുവാങ്ങിയ സൗദി അറേബ്യ പക്ഷേ, അവസാന മത്സരത്തിൽ ഈജിപ്തിനെ തോൽപിച്ച് മാനം കാത്തു.
ഏഷ്യൻ കോൺഫെഡറേഷന്റെ ഭാഗമായി ലോകകപ്പിനെത്തിയ ഓസ്‌ട്രേലിയയാണ് നിരാശപ്പെടുത്തിയ ടീം. മികച്ച അടിസ്ഥാന സൗകര്യങ്ങളും പ്രൊഫഷണൽ ലീഗുമൊക്കെയുണ്ടെങ്കിലും 2006 നു ശേഷം ഓസ്‌ട്രേലിയക്ക് ലോകകപ്പിൽ ഒരു ജയം നേടാനായിട്ടില്ല.
ജർമനിക്കെതിരെ ജയിച്ചാലും രണ്ടാം റൗണ്ടിലെത്തില്ലെന്നറിഞ്ഞാണ് തെക്കൻ കൊറിയ കളിച്ചുതുടങ്ങിയത്. എന്നാൽ ഇൻജുറി ടൈമിൽ നേടിയ രണ്ട് ഗോൾ വിജയം അവരുടെ ഏറ്റവും വലിയ ലോകകപ്പ് വിജയങ്ങളിലൊന്നായി. ചാമ്പ്യൻമാരെ പോലെയാണവർ നാട്ടിലേക്ക് വണ്ടി കയറിയത്.
ഫെയർപ്ലേ നിയമപ്രകാരം സെനഗലിനെ മറികടന്ന് രണ്ടാം റൗണ്ടിലെത്തിയ ജപ്പാന് ബെൽജിയത്തിനെതിരെ ഒരു സാധ്യതയും കൽപിക്കപ്പെട്ടിരുന്നില്ല. എന്നാൽ ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം പിടിച്ചുനിന്ന ജപ്പാൻ, രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ 2-0 ന് മുന്നിലെത്തി. ഹരാഗുച്ചിയും തകാഷി ഇനൂയിയും നേടിയ ഗോൾ മറ്റൊരു ലോകകപ്പ് അട്ടിമറിക്ക് കളമൊരുക്കിയതായിരുന്നു. എന്നാൽ രണ്ട് ഗോൾ ലീഡ് ഫലപ്രദമായി പ്രതിരോധിക്കാൻ അവർക്കായില്ല. എങ്കിലും അവസാനം വരെ ഉജ്വലമായി അവർ പോരാടി. ലോകകപ്പിൽ ഏഷ്യക്ക് അഞ്ച് ബെർത്തുകൾ നൽകുന്നത് അധികമാണെന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ ജപ്പാന്റെ ഈ പ്രകടനം ധാരാളം.