- വിഭാഗീയ പ്രചാരണം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട് - മദ്രസാ പാഠപുസ്തകം മറയാക്കി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തെറ്റായി ചിത്രീകരിക്കാൻ സംഘപരിവാർ ശ്രമം. കെ.എൻ.എം മർകസുദ്ദഅ്‌വ വിഭാഗത്തിന്റെ വിദ്യാഭ്യാസ വിഭാഗമായ സി.ഐ.ഇ.ആർ പുറത്തിറക്കിയ ഒരു ടെക്സ്റ്റ് ബുക്കിലെ പാഠഭാഗങ്ങൾ ഉപയോഗിച്ചാണ് പ്രചാരണം. മദ്രസയിലെ കുട്ടികളെ പഠിപ്പിക്കാനായി പുറത്തിറക്കിയ ഒരു പാഠഭാഗത്തിൽ ഉമ്മയും കൊച്ചു മകനും തമ്മിലുള്ള സംഭാഷണം മറയാക്കി വിഭാഗീയ മുതലെടുപ്പിനാണ് സംഘപരിവാർ പ്രൊഫൈലുകളുടെ ശ്രമം.
മദ്രസാ പാഠപുസ്തകത്തിലെ പേജ് സ്‌കാൻ ചെയ്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന പുസ്തകമാണെന്ന ധ്വനി പടർത്തി 'മതേതര കേരളം ഇങ്ങനെയൊക്കെ ആണ്' എന്ന തെറ്റായ സന്ദേശം പരത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്.
'മഴയത്ത് പുള്ളിക്കുട ചൂടി മദ്രസയിലേക്ക് പോകുന്ന മോനോട് ആരാണ് മഴ തരുന്നതെന്ന് അറിയാമോ എന്ന് ഉമ്മ ചോദിക്കുന്നുണ്ട്: അപ്പോൾ ഇല്ലെന്ന മോന്റെ മറുപടിയിൽ, അല്ലാഹുവാണ് മഴ തരുന്നതെന്ന് ഉമ്മ പറയുന്ന' സംഭാഷണം എടുത്തുകാട്ടിയാണ് വിദ്വേഷം പരത്താൻ ശ്രമം നടക്കുന്നത്. മദ്രസയിലെ ഈ പാഠപുസ്തകം സ്‌കൂളിലേതാണെന്ന നിലയിലാണ് പ്രചാരണം. മുസ്‌ലിംകൾ എന്നു മാത്രമല്ല, വിവിധ മതവിശ്വാസികളെല്ലാം ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് പൊതുവെ ഇത്തരമൊരു വിശ്വാസം വെച്ചു പുലർത്തുന്നതിനിടെയാണ് സംഘപരിവാറിന്റെ വിഭാഗീയ പ്രാചരണങ്ങൾ.
ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി രമേശ്, വലതുപക്ഷ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ പ്രതീഷ് വിശ്വനാഥ് തുടങ്ങി നിരവധി പേരാണ് ഇത്തരം പ്രചാരണങ്ങൾക്ക് ചൂട്ടുപിടിക്കുന്നത്. സംഘ്പരിവാറിന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത്തരം പ്രചാരണങ്ങൾ സജീവമാണ്.
അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന പാഠപുസ്തകം സർക്കാർ ഇറക്കിയതല്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകം എന്ന നിലയിൽ തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു ക്ലാസിലും ഇത്തരമൊരു പാഠപുസ്തകം പ്രസിദ്ധീകരിച്ചില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതേപോലെ, പ്രവേശനോത്സവത്തിൽ സ്‌കൂളുകളിലെത്തിയ നവാഗതർക്ക് സ്വാഗതമോതി അറബിക് ക്ലബ്ബിന്റെ പേരിൽ അറബിയിൽ സ്ഥാപിച്ച ബാനറിന്റെ പേരിലും തെറ്റിദ്ധാരണയുളവാക്കുന്ന പ്രചാരണമുണ്ടായി.
'മഹർജാൻ അൽബിദായ' (നവാഗതർക്ക് സ്വാഗതം) എന്ന ബാനറിൽ വൈദേശിക ഭാഷ എഴുതിയിരിക്കുന്നുവെന്നും രാഷ്ട്രഭാഷയായ ഹിന്ദിയിൽ ഇത്തരം ഒരു ബാനർ ഉയർന്നില്ലെന്നുമാണ് വിമർശം. 'വിദ്യാഭ്യാസ മേഖലയിലെ ഇസ്‌ലാമികവത്കരണം' എന്ന പേരിലാണ് സംഘ്പരിവാർ ഈ അറബിക് ക്ലബ്ബിന്റെ ബാനറിനെതിരേ പ്രചാരണം നടത്തുന്നത്. സ്‌കൂളുകളിലെ വിവിധ ഭാഷാ-സാമൂഹ്യശാസ്ത്ര ക്ലബ്ബുകളെല്ലാം പ്രവർത്തിക്കുന്ന രീതിയിൽ അറബിക് ക്ലബ്ബ് ഉയർത്തിയ ഒരു ബാനർ പോലും വളരെ അസഹിഷ്ണുതയോടെയും മതപരമായ വിദ്വേഷത്തിന് ഇടയാക്കുംവിധത്തിലുമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ദുരുപയോഗപ്പെടുത്തുന്നത്. ഇത് കുട്ടികൾക്കിടയിലും സമൂഹത്തിലും തെറ്റിദ്ധാരണ പരത്താനും വിഭാഗീയ ചിന്തകൾക്കും വളം വെക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.