Sorry, you need to enable JavaScript to visit this website.

സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ യു.കെയിലേക്ക്; വലിയ ചുവടുവെപ്പെന്ന് പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപരും- നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ ആദ്യഘട്ട റിക്രുൂട്ട്‌മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ ആദ്യസംഘത്തിന് യു.കെയിലെക്കുള്ള വിമാന ടിക്കറ്റുകള്‍  നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ കൈമാറി. രാവിലെ 10.30 ന് തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങിലാണ് ടിക്കറ്റുകള്‍ കൈമാറിയത്. ആദ്യസംഘം ജൂണ്‍ 19 ന് കൊച്ചിയില്‍നിന്ന് ദോഹ വഴി യു.കെ യിലേക്ക് യാത്രതിരിക്കും.
ലക്ഷങ്ങള്‍ ചെലവുവരുന്നതും സ്വകാര്യറിക്രൂട്ടിങ് ഏജന്‍സികളുടെ ചൂഷണത്തിന് വിധേയമാകുന്നതുമായിരുന്നു യു.കെ യിലേക്കുളള സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുടെ റിക്രൂട്ട്‌മെന്റ്. അവിടെയാണ് പൂര്‍ണമായും സൗജന്യവും വ്യവസ്ഥാപിതവുമായ രീതിയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് സാധ്യമായതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇത് നോര്‍ക്ക റൂട്ട്‌സിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേബാ മറിയം സണ്ണി, ലിസ ചിന്നമ്മ ലീലാംബിക, അര്‍ച്ചന ബേബി, ഹെന്ന രാജന്‍, സൂരജ് ദയാനന്ദന്‍ എന്നിവരാണ് യു.കെ യിലേയ്ക്ക് തിരിക്കുന്ന ആദ്യ സംഘത്തിലെ സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍.
ടിക്കറ്റ് കൈമാറ്റ ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി.കെ, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി റിക്രൂട്ട്‌മെന്റ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു.
സീനിയര്‍ സപ്പോര്‍ട്ട് വര്‍ക്കര്‍മാരുള്‍പ്പെടെ ആരോഗ്യ, സാമൂഹികസുരക്ഷാ മോഖലയിലെ  13 വ്യത്യസ്ത വിഭാഗങ്ങളിലേയ്ക്കായിരുന്നു കരിയര്‍ ഫെയറിന്റെ ഭാഗമായുളള റിക്രൂട്ട്‌മെന്റ്. ഇതില്‍ നഴ്‌സുമാരുടെ ആദ്യസംഘം ഇതിനകം യു.കെയിലെത്തിയിട്ടുണ്ട്.

 

 

Latest News