ഇടുക്കി - ഇരട്ടയാറിൽ അമ്മക്കൊപ്പം പള്ളിയിൽ പ്രാർത്ഥന നടത്തവെ ഹൃദയാഘാതം ഉണ്ടായ 17കാരിയുമായി 132 കിലോമീറ്റർ ദൂരത്തുള്ള കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കട്ടപ്പനയിൽ നിന്നും ഒരു ആംബുലൻസ് പാഞ്ഞ് പോയ വാർത്ത കഴിഞ്ഞ ദിവസം കേരളം ആഘോഷിച്ചു.
എന്നാൽ ഈ വാർത്തയുടെ മറുപുറം ചർച്ച ചെയ്യുകയാണ് ഇടുക്കിക്കാർ. ആരോഗ്യ മേഖലയിൽ ഇടുക്കി ജില്ലയുടെ പിന്നോക്കാവസ്ഥയാണ് ഈ വാർത്തയിലൂടെ പുറം ലോകത്ത് എത്തിയതെന്നാണ് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നേരത്തെയും ഇതിന് സമാനമായ ആംബുലൻസ് യാത്രകൾക്ക് ഇടുക്കി ജില്ല സാക്ഷ്യം വഹിച്ചതായും സാമൂഹ്യ പ്രവർത്തകനും വെൽഫെയർ പാർട്ടി ഇടുക്കി ജില്ലാ പ്രസിഡന്റുമായ സി.ഐ. ഹംസ ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ബിട്ടീഷുകാരുടെ കാലത്ത് തേയില , റബർ, കാപ്പി എസ്‌റ്റേറ്റുകളോട് കൂടിച്ചേർന്നു ഉണ്ടാക്കിയ ഡിസ്‌പെൻസറികളാണ് ഇപ്പോഴും ഈ നാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രങ്ങൾ.
2014 സ്ഥാപിതമായ ഒരു മെഡിക്കൽ കോളേജുണ്ട് ഇടുക്കിക്ക്. ഇതിന് മുന്നിലൂടെയാണ് ആ പതിനേഴുകാരിയെയും കൊണ്ട് ആംബുലൻസ് എറണാകുളത്തേക്ക് പറന്നത്. കാർഡിയോളജി യൂണിറ്റ് സ്ഥാപിക്കാൻ ഒരു കെട്ടിടം ഇവിടെ ഇല്ല.
ഇത്തരം സാഹസിക യാത്ര നടത്തി എത്ര മനുഷ്യരെ നിങ്ങൾക്ക് ഇത്രയും ദൂരത്ത് എത്തിക്കാൻ കഴിയും ?.
എത്ര പേരെ രക്ഷിക്കാൻ കഴിയും ?.
ആർക്കൊക്കെ മന്ത്രി വാഹനത്തിന്റെ അകമ്പടി ലഭിക്കും .?
മുഖ്യമന്ത്രിയുടെ വീട്ടിലെ പശുവിന്റെ വില പോലും ഇടുക്കിക്കാർക്കില്ലെ -സാമൂഹ്യ മാധ്യമത്തിലെഴുതിയ കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഇന്നലെ ഇടുക്കിയിലെ ഇരട്ടയാറിൽ അമ്മക്കൊപ്പം പള്ളിയിൽ പ്രാർത്ഥന നടത്തവെ ഹൃദയാഘാതം ഉണ്ടായ 17കാരിയുമായി 132 കിലോമീറ്റർ ദൂരത്തുള്ള കൊച്ചിയിലെ അമൃത ഹോസ്പിറ്റലിലേക്ക് കട്ടപ്പനയിൽ നിന്നും ഒരു ആംബുലൻസ് പാഞ്ഞ് പോയത് കേരളം കണ്ടിട്ടുണ്ടാകും.
ആശ്വാസം, സമാധാനം.
കുട്ടി അപകടനില തരണം ചെയ്തിരിക്കുന്നു.
കൃത്യ സമയത്ത് കുട്ടിയെ അവിടെ എത്തിച്ച െ്രെഡവർ മണികണ്ഠൻ സഹ െ്രെഡവർ തോമസ് ദേവസ്യ, നഴ്‌സുമാരായ ടിൻസ് എബ്രഹാം, ബിബിൻ ബേബി എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
പക്ഷേ, ഈ വാർത്തയുടെ കോരിത്തരിപ്പിനിടയിലും ഇടുക്കിയിലെ ജനങ്ങൾക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്.
ഇത്തരം സാഹസിക യാത്ര നടത്തി എത്ര മനുഷ്യരെ നിങ്ങൾക്ക് ഇത്രയും ദൂരത്ത് എത്തിക്കാൻ കഴിയും ?.
എത്ര പേരെ രക്ഷിക്കാൻ കഴിയും ?.
ആർക്കൊക്കെ മന്ത്രി വാഹനത്തിന്റെ അകമ്പടി ലഭിക്കും .?
രണ്ട് വർഷം മുമ്പാണ് ജിജിമോൻ എന്ന ഒരു വിമുക്ത ഭടനെ സമാനമായ രീതിയിൽ ആമ്പുലൻസിൽ എറണാകുളത്ത് എത്തിച്ചത്. അതിനൊന്നും അവസരം കിട്ടാത്ത മനുഷ്യർ ഈ മണ്ണിൽ തന്നെ മരിച്ച് വീഴുന്നുണ്ട്.
കേരളത്തിന്റെ ആകെ വിസ്തീർണ്ണത്തിന്റെ പത്തര ശതമാനം ഉൾക്കൊള്ളുന്നതാണ് ഇടുക്കി ജില്ല.
പതിനൊന്നര ലക്ഷം ജനങ്ങൾ താമസിക്കുന്നുണ്ട് ഇവിടെ .
പക്ഷേ മര്യാദക്കുള്ള ഒരാശുപത്രിയുണ്ടോ ഇന്നാട്ടിൽ ?.
ജീവനും കയ്യിൽ പിടിച്ച് എത്ര കാലം ഇടുക്കിക്കാർ ഈ ഓട്ടം തുടരണം . ഇതിനുകൂടി റോഷി അഗസ്റ്റിൻ മന്ത്രിയും അദ്ദേഹത്തിന്റെ സർക്കാറും ഇടുക്കിയിലെ ജനപ്രതിനിധികളും മറുപടി പറയണം .
മതിയായ ആരോഗ്യ സംവിധാനങ്ങളുടെയും ഡോക്ടർമാർ , നേഴ്‌സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെയും കുറവ് പതിറ്റാണ്ടുകളായി ഈ ജില്ലയെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് തേയില , റബർ, കാപ്പി എസ്‌റ്റേറ്റുകളോട് കൂടിച്ചേർന്നു ഉണ്ടാക്കിയ ഡിസ്‌പെൻസറികളാണ് ഇപ്പോഴും ഈ നാട്ടിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ കേന്ദ്രങ്ങൾ .
തൊടുപുഴയും, ചിത്തിര പുരത്തും ആശുപത്രികളുണ്ട്.
അടിമാലി, പുറപ്പുഴ, മുട്ടം, ഉപ്പുതറ ഇവിടെയൊക്കെ ജഒഇ കളാണ്.
പിന്നീടുള്ളത് െ്രെപവറ്റ് ആശുപത്രികളാണ് . എത്ര സാധാരണക്കാർക്കാണ് ഇവിടങ്ങളിലെ ചിലവ് താങ്ങാൻ കഴിയുക.
ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കാമ്പുരു , ഉടുമ്പും ചോല താലൂക്കിലെ
ചതുരംഗപ്പാറ, ചക്കുപള്ളം, പീരുമേട്ടിലെ മാപ്ലാർ എന്നീ അതിർത്തി പ്രദേശങ്ങളിൽ ചികിത്സാ സംവിധാനങ്ങൾ വളരെ കുറവാണ്.
ഇവിടെ ഇപ്പോഴും ക്ഷയവും കുട്ടികൾക്ക് അനീമിയയും മറ്റ് പല രോഗങ്ങളും പടർന്നു പിടിക്കുന്നുണ്ട്.
ചിത്തിരപുരം ആശുപത്രി കഴിഞ്ഞാൽ അടിമാലി താലൂക്ക് ആശുപത്രിയാണ് ജില്ലയിലെ പ്രധാനപ്പെട്ട ഗവൺമെന്റ് ആശുപത്രി. സ്വന്തമായി ഒരു ബ്ലഡ് ബാങ്ക് പോലും ഇല്ലാത്ത ഈ ആശുപത്രിയിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ പ്രസവങ്ങൾ നടക്കുന്നതെന്ന് കേരളം അറിയണം. രോഗികൾക്ക് എന്തെങ്കിലും അപകടാവസ്ഥ ഉണ്ടായാൽ നൂറു കിലോമീറ്റർ അപ്പുറമുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് വെച്ച് പിടിക്കണം.
ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന മൂന്നാറിൽ നല്ലൊരു ആശുപത്രി ഇല്ല.
ഒരു അപകടമുണ്ടായാൽ , ഒന്നുകിൽ എറണാകുളത്തേക്ക് അല്ലെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണം .
2014 സ്ഥാപിതമായ ഒരു മെഡിക്കൽ കോളേജുണ്ട് ഇടുക്കിക്ക്. ഇതിന് മുന്നിലൂടെയാണ് ആ പതിനേഴുകാരിയെയും കൊണ്ട് ആംബുലൻസ് എറണാകുളത്തേക്ക് പറന്നത്. കാർഡിയോളജി യൂണിറ്റ് സ്ഥാപിക്കാൻ ഒരു കെട്ടിടം ഇവിടെ ഇല്ല.
മുഖ്യമന്ത്രിയുടെ വീട്ടിലെ പശുവിന്റെ വില പോലും ഇടുക്കിക്കാർക്കില്ലെ,
ഏഴുവർഷം തുടർച്ചയായി കേരളം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രിമാരും 22 വർഷം ഇടുക്കിയുടെ എംഎൽഎയും ഇപ്പോൾ മന്ത്രിയുമായ റോഷി അഗസ്റ്റിനും കാലങ്ങളായി ഇടുക്കിയെ പ്രതിനിധീകരിച്ച ജനപ്രതിനിധികളും ഈ അവസ്ഥക്ക് ഉത്തരവാദികളാണ്.
ഒരു മനുഷ്യ ജീവനെ പ്രതിസന്ധികൾ തരണം ചെയ്തു എറണാകുളത്തെ ആശുപത്രിയിൽ എത്തിക്കാൻ ഒരു പക്ഷെ പാവപ്പെട്ട ഒരു ആംബുലൻസ് െ്രെഡവറുടെ മനസാക്ഷിയും അവന്റെ മനക്കരുത്തും മതിയാകും.
അതിന്റെ ഗുണഭോക്താവായി നിന്ന് ഞെളിയുകയല്ല ഉത്തരവാദപ്പെട്ട ഒരു മന്ത്രി ചെയ്യണ്ടത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ മനസ്സിലാക്കണം.
റോഷി അഗസ്റ്റിനും ഇടതുപക്ഷ സർക്കാരും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജനാധിപത്യ രാജ്യത്ത് പൗരൻമാർക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങൾക്കും സൗകര്യങ്ങൾക്കും ഞങ്ങൾ ഇടുക്കിക്കാർക്കും അവകാശമുണ്ട്.
അത് വിദ്യാഭ്യാസം ആണെങ്കിലും ആരോഗ്യമാണെങ്കിലും മറ്റ് എന്തായാലും . കേരളത്തിലെ വടക്കൻ ജില്ലകളോട് കാണിക്കുന്ന അതേ ചിറ്റമ്മ പിന്തിരിപ്പൻ നയം തന്നെയാണ് ഇടുക്കി എന്ന കേരളത്തിന്റെ മലയോര ജില്ലയോട്,
ഏറ്റവും കൂടുതൽ സമ്പത്ത് സംസ്ഥാനത്തിന് നേടിത്തരുന്ന കർഷക തൊഴിലാളികളുടെ , കർഷകരുടെ ഈ നാടിനോട് നിങ്ങൾ കാട്ടിക്കൊണ്ടിരിക്കുന്നത്. ഈ അവഗണനക്ക് ഈ നാട് കണക്ക് ചോദിക്കുക തന്നെ ചെയ്യും.
പതിറ്റാണ്ടുകളായി തുടരുന്ന ഈ വിവേചനത്തെ ഞങ്ങൾ ചോദ്യം ചെയ്യും.
നീതി ആരുടെയും ഔദാര്യമല്ല അത് ഞങ്ങളുടെ അവകാശമാണ്.