കോട്ടയം - ലൈംഗിക പീഡനക്കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു കളമൊരുങ്ങുന്നതായി സൂചന. കന്യാസ്ത്രീയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി ബിഷപ്പ് പ്രതിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇനി കന്യാസ്ത്രീയുടെ മൊഴി മജിസ്‌ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തുകയെന്ന നടപടിയാണ്. മൊഴി മാറാതിരിക്കുന്നതിനാണ് ഈ നടപടി. ബിഷപ്പിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തണമോ ജലന്ധറിൽ പോകണമോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനം എടുക്കും. കഴിഞ്ഞ രണ്ടു ദിവസമായി അന്വേഷണ സംഘം പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകാണിയിലെ കോൺവെന്റിൽ അന്വേഷണവും മൊഴിയെടുപ്പും നടത്തുകയാണ്.
അതിനിടെ രഹസ്യമൊഴി എടുക്കുന്നതിനുളള പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കോട്ടയത്തുനിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ സംഘം ഇന്നലെ കുറവിലങ്ങാട്ടെ മഠത്തിലെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. സിസി ടിവി ദൃശ്യങ്ങൾ, രജിസ്റ്ററുകൾ എന്നിവ പരിശോധിച്ചു. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം ചാലക്കുടിയിലും പരിശോധന നടത്തും. കന്യാസ്ത്രീയുടെ മൊഴിയെ തുടർന്നു പീഡനം, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു ജലന്ധർ ബിഷപ്പിനെതിരേ കേസെടുത്തിട്ടുള്ളത്. കുറവിലങ്ങാട് മഠത്തിൽവെച്ച് 13 തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇതു സാധൂകരിക്കുന്ന തെളിവുകൾ കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിന്റെ അറസ്റ്റിനു സാധ്യത തെളിയുന്നത്. 13 തവണയും ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്തിയതിനു സന്ദർശക രജിസ്റ്റർ തെളിവാണ്. വൈദ്യപരിശോധനാ റിപ്പോർട്ടും പീഡനം നടന്നതായി സ്ഥിരീകരിക്കുന്നു. ഇതു കൂടാതെ ബിഷപ്പ് ഫോണിലൂടെയും ലൈംഗികതക്ക് പ്രേരിപ്പിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും കന്യാസ്ത്രീ മൊഴി നൽകിയിട്ടുണ്ട്.
കൂടുതൽ തെളിവുകൾക്കായി കന്യാസ്ത്രീയുടെ ഫോണും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. 2014 ഏപ്രിൽ അഞ്ചിനാണ് ആദ്യ പീഡനത്തിന് ഇരയായതെന്നാണു കന്യാസ്ത്രീയുടെ മൊഴി. ചാലക്കുടിയിൽ സഭയുടെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് ബിഷപ്പ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയത്. ഇതു സ്ഥിരീകരിക്കുന്നതിനാണ് അന്വേഷണ സംഘം ചാലക്കുടിയിൽ പോകുന്നത്. കന്യാസ്ത്രീയുടെ രഹസ്യ മൊഴിയും ബിഷപ്പിന്റെ അറസ്റ്റിൽ നിർണായകമാവും. പീഡനത്തിനിരയായ കാലയളവിൽ പരാതിക്കാരിക്കൊപ്പം മൂന്നു കന്യാസ്ത്രീകളാണ് കുറവിലങ്ങാട് കോൺവെന്റിലുണ്ടായിരുന്നത്. ഇതിൽ ഒരാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. മറ്റു രണ്ടുപേരുടെ മൊഴിയും അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും. ഇവർ മറ്റൊരു മഠത്തിലായതിനാൽ അവിടെയെത്തിയാവും മൊഴിയെടുക്കുക. തെളിവുകൾ ശേഖരിച്ച ശേഷം ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനിടെ കന്യാസ്ത്രീക്കെതിരേ ജലന്ധർ ബിഷപ്പ് നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.
ബിഷപ്പിന്റെ പീഡനം തുടർകഥയായതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നതായി കന്യാസ്ത്രീ നൽകിയ മൊഴിയിലുണ്ട് ആത്മഹത്യ ചെയ്യാൻ ധൈര്യം പോരാത്തതിനാൽ തിരുവസ്ത്രം ഉപേക്ഷിച്ച് സഭയിൽ നിന്ന് പുറത്തു പോകാനും അവർ തീരുമാനിച്ചു. തന്നെ ഉപദ്രവിക്കരുതെന്ന് പലതവണ ബിഷപ്പിനോട് കേണപേക്ഷിച്ചിട്ടും നാട്ടിൽ വരുമ്പോഴെല്ലാം മുറിയിൽ ചെല്ലേണ്ടിവന്നിട്ടുണ്ടെന്ന് 47 കാരിയായ കന്യാസ്ത്രീ അന്വേഷണ സംഘത്തോട് പറഞ്ഞു. നിരന്തരം ഫോണിൽ വിളിച്ച് അശ്ലീലം പറയുമായിരുന്നു. സമാധാനം തരില്ലെന്ന് വ്യക്തമായതോടെ അവസാനം സഭ വിട്ടുപോകാൻ അപേക്ഷ നൽകി. എന്നാൽ അനുമതി ലഭിക്കാത്തതിനാൽ ജലന്ധർ രൂപതയിൽ നിന്ന് മറ്റേതെങ്കിലും രൂപതയിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് സുപ്പീരിയർക്ക് കത്ത് നൽകി. എന്നാൽ കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകളുടെ ഉപദേശത്തെ തുടർന്ന് മൂന്നു ദിവസങ്ങൾക്കു ശേഷം അപേക്ഷ പിൻവലിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.