കൊച്ചി - സ്ഥിര യാത്രക്കാർക്കായി കൊച്ചി മെട്രോ ഇളവുകളോടെ പ്രതിമാസ, ദൈ്വമാസ പ്രത്യേക പാസുകൾ പ്രഖ്യാപിച്ചു. ദീർഘകാലമായി യാത്രക്കാരുടെ ആവശ്യങ്ങളിലൊന്നായിരുന്നു പാസ് സംവിധാനം. കൊച്ചി വൺ കാർഡുള്ളവർക്ക് മാത്രമായിരിക്കും പാസ് സംവിധാനവും പ്രയോജനപ്പെടുത്താനാവുക. ഈ പാസുകൾ ഉപയോഗിച്ച് രണ്ടു നിശ്ചിത സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാനാവും. പാസുകളുടെ ഔദ്യോഗിക പ്രകാശനം നാളെ രാവിലെ 10.30 ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കെ.എം.ആർ.എൽ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിക്കും.
30 ദിവസത്തെ കാലാവധിയുള്ള പ്രതിമാസ പാസിൽ 30 യാത്രകൾ നടത്താം. ദൈ്വമാസ പാസിൽ 60 ദിവസത്തെ കാലാവധിക്കിടയിൽ 60 യാത്രകൾ നടത്താനാവും. പ്രതിമാസ പാസിന് യഥാർഥ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും ദൈ്വമാസ പാസിന് ടിക്കറ്റ് നിരക്കിന്റെ 33 ശതമാനവും ഇളവുണ്ടാവും. ഒരു കൊച്ചി വൺ കാർഡിൽ ഒരു പാസ് മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. പാസെടുക്കുമ്പോൾ സ്ഥിരമായി യാത്ര ചെയ്യുന്ന രണ്ടു സ്റ്റേഷനുകൾ യാത്രക്കാർക്ക് തെരഞ്ഞെടുക്കാം. നിശ്ചയിച്ച രണ്ടു സ്റ്റേഷനുകളിൽ പ്രവേശിച്ച് യാത്ര ചെയ്യാതിരുന്നാലും ഒരു ട്രിപ്പായി കണക്കാക്കും. നിശ്ചിത സ്റ്റേഷനുകളിൽ നിന്നല്ലാതെ മറ്റു സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുമ്പോൾ പാസ് ആനുകൂല്യം ലഭിക്കില്ല. എന്നാൽ നിശ്ചയിക്കപ്പെട്ട രണ്ടു സ്റ്റേഷനുകൾക്ക് മുമ്പേ യാത്ര അവസാനിപ്പിച്ചാൽ പാസ് ഇളവ് ലഭിക്കും. മറ്റു യാത്രകൾക്ക് കൊച്ചി വൺ കാർഡിലുള്ള ആനുകൂല്യം (20 ശതമാനം ഇളവ്) മാത്രമായിരിക്കും ലഭിക്കുക.
കൊച്ചി വൺ കാർഡുള്ളവർക്ക് മാത്രമാണ് പാസ് ലഭിക്കുക. കാർഡിൽ നിശ്ചിത ബാലൻസില്ലെങ്കിൽ ടോപ് അപ് ചെയ്യണം.