കൊൽക്കത്ത - പശ്ചിമ ബംഗാളിലെ കുച്ച് ബെഹാർ ജില്ലയിൽ ബി.ജെ.പി നേതാവിനെ പട്ടാപ്പകൽ വെടിവെച്ചുകൊന്നു. ദിൻഹതയിലെ പ്രാദേശിക നേതാവ് പ്രശാന്ത റോയ് ബസൂനിയയെ അക്രിമികൾ വെള്ളിയാഴ്ച വീട്ടിൽ അതിക്രമിച്ചുകയറി അമ്മയുടെ കൺമുന്നിൽ വച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു.
ബി.ജെ.പിയുടെ ദിൻഹത ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയാണ് പ്രശാന്ത ബസൂനിയ. ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തി അമ്മയോടൊപ്പം ഇരിക്കുകയായിരുന്നു. ഈ സമയത്ത് അക്രമി സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും സംഘത്തിലൊരാൾ പെട്ടെന്ന് പിസ്റ്റൾ എടുത്ത് വെടിവെക്കുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിനിടെ, ബി.ജെ.പിയിലെ വിഭാഗീയതയാണ് കൊലക്ക് പിന്നിലെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തൃണമൂൽ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഉദയൻ ഗുഹ പറഞ്ഞു. കൊല്ലപ്പെട്ട പ്രശാന്ത റോയ് ബസൂനിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്നും ഇദ്ദേഹം പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പിന്തുണയുള്ള ഗുണ്ടകളാണെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.